
ഹിന്ദി വാർത്താ ചാനലുകളിൽ ഉർദു പദങ്ങൾ അമിതമായി ഉപയോഗിക്കുന്നു: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി
|പ്രക്ഷേപണത്തിൽ 30 ശതമാനമെങ്കിലും ഉർദു വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് മഹാരാഷ്ട്ര താനെ സ്വദേശിയായ എസ്.കെ ശ്രീവാസ്തവയാണ് പരാതി നൽകിയത്
മുംബൈ: പ്രധാന ഹിന്ദി വാർത്താ ചാനലുകളിലെ ഉർദു പദങ്ങളുടെ അമിത ഉപയോഗം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി.
പ്രക്ഷേപണത്തിൽ 30 ശതമാനമെങ്കിലും ഉർദു വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് മഹാരാഷ്ട്ര താനെ സ്വദേശിയായ എസ്.കെ ശ്രീവാസ്തവയാണ് പരാതി നൽകിയത്. എന്നാൽ പരാതി ബന്ധപ്പെട്ട ചാനലുകൾക്ക് കൈമാറിയെന്നും നടപടിയൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ അവ നീക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടതായുള്ള വാർത്തകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, പ്രേക്ഷകരുടെ പരാതി ബന്ധപ്പെട്ട ചാനലുകൾക്ക് അയച്ചെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അതേസമയം സ്വീകരിച്ച നടപടി പരാതിക്കാരനെ അറിയിക്കാനും, ബന്ധപ്പെട്ട ചട്ടങ്ങൾക്കനുസൃതമായി മന്ത്രാലയത്തെ അറിയിക്കാനും ചാനലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ എക്സ് കുറിപ്പില്‍ പറയുന്നുണ്ട്.
ചാനലുകൾ ഹിന്ദിയിൽ സംപ്രേഷണം ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ തന്നെ അവർ ഉപയോഗിക്കുന്ന വാക്കുകളിൽ ഏകദേശം 30% ഉര്‍ദുവിലാണെന്നാണ് ശ്രീവാസ്തവയുടെ ആരോപണം. ഇത് കാഴ്ചക്കാരോടുള്ള വഞ്ചനയാണെന്നും ഒരു കുറ്റകൃത്യവുമാണെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം പരാതി ബന്ധപ്പെട്ട ചാനലുകള്‍ക്ക് കൈമാറുന്നതിന് പകരം എങ്ങനെയാണ് 30 ശതമാനം ഉര്‍ദു എന്ന കൃത്യമായ കണക്കുകൂട്ടലിൽ എത്തിയതെന്ന് പരാതിക്കാരനോട് മന്ത്രാലയം ചോദിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.