
മഹായുതിയിലേക്ക് ക്ഷണം; പിന്നാലെ കൂടിക്കാഴ്ച നടത്തി ഫഡ്നാവിസും ഉദ്ധവും
|വ്യാഴാഴ്ച വിധാൻ ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. ഉദ്ധവിനെ ഫഡ്നാവിസ് ഭരണപക്ഷത്തേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. വ്യാഴാഴ്ച വിധാൻ ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാന നിയമസഭാ കൗൺസിൽ ചെയർമാൻ റാം ഷിൻഡെയുടെ ചേംബറിനുള്ളിലാണ് ഫഡ്‌നാവിസ്-താക്കറെ കൂടിക്കാഴ്ച നടന്നത്. ഉദ്ധവിന്‍റെ മകനും വോർളി എംഎൽഎയും ആദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ‘ഹിന്ദി ചി ശക്തി ഹവി ച്ച് കശാലാ?’ (എന്തുകൊണ്ട് ഹിന്ദി നിർബന്ധമാക്കണം?)’ എന്ന പുസ്തകം ഉദ്ധവ് ഫഡ്നാവിസിന് സമ്മാനിച്ചുവെന്ന് വൃത്തങ്ങൾ പറയുന്നു. നിലവിലെ പ്രതിപക്ഷ നേതാവ് എംഎൽസി അംബാദാസ് ദാൻവെയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെക്കുറിച്ച് നേതാക്കൾ ചർച്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ശിവസേനയിൽ (യുബിടി) നിന്നുള്ളയാളാണ് ദാൻവെ.
ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ, പ്രത്യേകിച്ച് ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. 2022-ൽ ഉദ്ധവിന്‍റെ ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഷിൻഡെക്ക് 2024-ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ വൻ വിജയത്തെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിന് വിട്ടുകൊടുക്കേണ്ടിവന്നതിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം.
അംബാദാസ് ദൻവെയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കവെ ആയിരുന്നു ഫഡ്നാവിസ് ഉദ്ധവിനെ തങ്ങളുടെ പക്ഷത്തേക്ക് ക്ഷണിച്ചത്. "നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾക്ക് പ്രതിപക്ഷത്ത് വരേണ്ട സാഹചര്യമില്ല. എന്നാൽ നിങ്ങൾക്ക് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് ആലോചിക്കാം. അത് നിങ്ങളെ ആശ്രയിച്ചിരിക്കും, പരിഗണിക്കാവുന്നതാണ്". ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അംബാദാസ് ദൻവെ പാർട്ടിയിലോ പ്രതിപക്ഷത്തോ എവിടെയായിരുന്നാലും അദ്ദേഹത്തിന്‍റെ യഥാർത്ഥ ചിന്തകൾ വലതുപക്ഷത്തിന്‍റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. "അത് വിടൂ. ചില കാര്യങ്ങൾ ലഘുവായി എടുക്കണം," എന്നായിരുന്നു ഫഡ്‌നാവിസിന്‍റെ വാഗ്ദാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉദ്ധവിന്‍റെ മറുപടി.
आज विधानभवन येथे पक्षप्रमुख मा. श्री. उद्धवसाहेब ठाकरे ह्यांनी राज्यभरातील विविध संपादकांनी हिंदीसक्तीविरोधात लिहिलेल्या लेखांचे संकलित ‘हिंदी हवी कशाला?’ पुस्तक मुख्यमंत्री देवेंद्र फडणवीस आणि सभापती राम शिंदे ह्यांना भेट दिले. ह्यावेळी युवासेनाप्रमुख शिवसेना नेते आमदार आदित्य… pic.twitter.com/JFUCetP3bN
— ShivSena - शिवसेना Uddhav Balasaheb Thackeray (@ShivSenaUBT_) July 17, 2025