< Back
India
Fake Ayurvedic doctor arrested for prescribing allopathy meds
India

സ്കൂളിൽ പോയത് 10ാം ക്ലാസ് വരെ; 15 വർഷമായി രോ​ഗികൾക്ക് അലോപ്പതി മരുന്ന് നൽകിവന്ന വ്യാജ ആയുർവേദ ഡോക്ടർ പിടിയിൽ

Web Desk
|
6 Dec 2025 2:32 PM IST

നടുവേദനയുമായി ക്ലിനിക്കിൽ എത്തിയ പരാതിക്കാരന് ഇയാൾ നൽകിയ അലോപ്പതി മരുന്ന് കഴിച്ച ശേഷം വയറുവേദനയുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാവുകയായിരുന്നു.

ചെന്നൈ: സ്കൂൾ വിദ്യാഭ്യാസം 10ാം ക്ലാസ് വരെ. ഉപജീവനത്തിനായി കണ്ടെത്തിയത് ഡോക്ടറുടെ കുപ്പായം. തുടർന്നങ്ങോട്ട് ചികിത്സയും തുടങ്ങി. അറിയിപ്പെടുന്നത് 'ആയുർവേദ ഡോക്ടർ' ആയാണെങ്കിലും കുറിച്ചുനൽകിയിരുന്നത് അലോപ്പതി മരുന്നുകൾ. പക്ഷേ പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന ചൊല്ല് അന്വർഥമാക്കി ഒടുവിൽ ആ ദിനം വന്നെത്തി. സ്റ്റെതസ്കോപ്പ് പിടിച്ചിരുന്ന കൈകളിൽ അങ്ങനെ വിലങ്ങ് വീണു.

തമിഴ്നാട് ചെന്നൈ അണ്ണാന​ഗറിൽ എസ്ആർഎസ് ആയുർവേദിക് ക്ലിനിക്ക് എന്ന സ്ഥാപനം നടത്തിയിരുന്ന വ്യാജ ഡോക്ടർ ആർ. വെങ്കടേശനാണ് പിടിയിലായത്. 42കാരനായ ഇയാൾ കഴിഞ്ഞ 15 വർഷമായി ആളുകളെ ചികിത്സിച്ചു പറ്റിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

യാതൊരു മെഡിക്കൽ ബിരുദമോ സർട്ടിഫിക്കറ്റോ ലൈസൻസോ ഇല്ലാതെയാണ് ഇയാൾ രോ​ഗികളെ ചികിത്സിക്കുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് അറിയിച്ചതിനു പിന്നാലെയാണ് നടപടി.

രോ​ഗികൾ ആരോ​ഗ്യപ്രശ്നങ്ങളറിയിച്ച് സമീപിക്കുമ്പോൾ, അവരെ പരിശോധിച്ച ശേഷം അടുത്തദിവസം വരാൻ പറഞ്ഞ് തിരിച്ചയയ്ക്കും. തുടർന്ന് രോ​ഗിയെന്ന വ്യാജേന ഇയാൾ അടുത്തുള്ള അലോപ്പതി ഡോക്ടറുടെ അടുത്ത് ചെല്ലുകയും മുമ്പ് വന്ന രോ​ഗിക്കാവശ്യമായ മരുന്ന് വാങ്ങുകയും ചെയ്യും. ഈ മരുന്ന് പിറ്റേദിവസം രോ​ഗിയെത്തുമ്പോൾ നൽകുകയാണ് ഇയാളുടെ പതിവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ആരോ​ഗ്യവകുപ്പ് അധികൃതരുടെ സംയുക്ത സംഘം ക്ലിനിക്കിൽ പരിശോധന നടത്തി യോ​ഗ്യത തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. നോർത്ത് ചെന്നൈയിലുള്ള രോ​ഗികൾക്കാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഇയാൾ ചികിത്സ നൽകിയിരുന്നത്.

തിരുമം​ഗലം സ്വദേശിയായ 46കാരനായ രവിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആ​ഗസ്റ്റിലാണ് നടുവേദനയുമായി രവി വെങ്കടേശന്റെ ക്ലിനിക്കിൽ എത്തുന്നത്. ഇയാൾ നൽകിയ അലോപ്പതി മരുന്ന് കഴിച്ച ശേഷം രവിക്ക് വയറുവേദനയുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാവുകയായിരുന്നു. ഇതേക്കുറിച്ച് വെങ്കടേശനോട് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല.

ഇതോടെയാണ്, തട്ടിപ്പ് മനസിലായ രവി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ വെങ്കടേശനെ റിമാൻഡ് ചെയ്തു. ഇയാളെ പുഴൽ ജയിലിലേക്ക് മാറ്റി.

Similar Posts