< Back
India
തിരുപ്പതി ലഡുവിനായി ഉപയോ​ഗിച്ചത് വ്യാജ നെയ്യ്: 50 ലക്ഷത്തിന്റെ ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം

Photo | Special Arrangement

India

തിരുപ്പതി ലഡുവിനായി ഉപയോ​ഗിച്ചത് വ്യാജ നെയ്യ്: 50 ലക്ഷത്തിന്റെ ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം

Web Desk
|
10 Nov 2025 7:33 PM IST

ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാതെയാണ് ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിനു പിന്നില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി.

ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ലോക്‌സഭാ എംപിയും മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാനുമായ വൈ.വി സുബ്ബ റെഡ്ഡിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽ നിന്ന് പണം സ്വീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു

ചിന്നപ്പണ്ണ ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്റായ അമന്‍ ഗുപ്തയില്‍ നിന്ന് 20 ലക്ഷം രൂപയും പ്രീമിയര്‍ അഗ്രി ഫുഡ്‌സ് സീനിയര്‍ എക്‌സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ നെയ്യ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി വ്യാപാരിയായ അജയ് കുമാര്‍ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കേസിലെ 16ാം പ്രതിയായ അജയ് കുമാര്‍, ഭോലെ ബാബ ഡയറി ഡയറക്ടര്‍മാരായ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരുമായി വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Similar Posts