< Back
India
മേക്കപ്പിട്ട് വധു എത്താൻ വൈകി; വധൂവരൻമാരുടെ ബന്ധുക്കൾ തമ്മിൽ അടിയോടടി, അതിഥികൾ ഇറങ്ങിയോടി, ഒടുവിൽ സംഭവിച്ചത്!

AI generated image

India

മേക്കപ്പിട്ട് വധു എത്താൻ വൈകി; വധൂവരൻമാരുടെ ബന്ധുക്കൾ തമ്മിൽ അടിയോടടി, അതിഥികൾ ഇറങ്ങിയോടി, ഒടുവിൽ സംഭവിച്ചത്!

Web Desk
|
4 Nov 2025 10:53 AM IST

വരന്‍റെ കുടുംബം എത്തുന്നതുവരെ എല്ലാം സുഗമമായിട്ടാണ് നടന്നത്

ആഗ്ര: മേക്കപ്പിട്ട് വധു എത്താൻ വൈകിയതിനെച്ചൊല്ലി വധൂവരന്‍മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. ഒരു ചെറിയ അഭിപ്രായ വ്യത്യാസമാണ് നിമിഷനേരങ്ങൾക്കുള്ളിൽ അക്രമാസക്തമായത്. വിവാഹ വേദിയിൽ പൂക്കൾക്ക് പകരം പറയുന്നുയര്‍ന്നത് വടികളും മരക്കഷണങ്ങളുമാണ്. നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദി അലങ്കോലമാവുകയും ചെയ്തു. ആഗ്രയിലെ ലാൽ പ്യാർ കി ധർമ്മശാലയിലാണ് സംഭവം.

വരന്‍റെ കുടുംബം എത്തുന്നതുവരെ എല്ലാം സുഗമമായിട്ടാണ് നടന്നത്. എന്നാൽ മേക്കപ്പ് കഴിഞ്ഞ വധു എത്താൻ വൈകിയതോടെ കാര്യങ്ങൾ കൈവിട്ടു. ഒന്നും രണ്ടു പറഞ്ഞ് തുടങ്ങിയ വഴക്ക് അവസാനം കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു. ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ മണ്ഡപത്തിലെ അലങ്കാരങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതോടെ പരിഭ്രാന്തരായ അതിഥികൾ ഹാളിൽ നിന്നും ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ജീവനും കൊണ്ടോടിയത്. സംഘർഷം അവസാനിപ്പിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനും പ്രദേശവാസികളും സമുദായത്തിലെ നേതാക്കളും ഓടിയെത്തിയെങ്കിലും അതിനുമുമ്പ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഖണ്ഡോളി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. തർക്കത്തിന്റെ കാരണവും സംഘർഷത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ചായിരുന്നു ചർച്ചകൾ.ഒടുവിൽ, നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഇരുപക്ഷവും പരസ്പര ഒത്തുതീർപ്പിന് സമ്മതിച്ചു. സമാധാനം പുനഃസ്ഥാപിച്ചതായും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമായതായും പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അനുരഞ്ജനത്തിനുശേഷം, വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു, ഒടുവിൽ പരമ്പരാഗത ആചാരങ്ങൾ അനുസരിച്ച് ദമ്പതികൾ വിവാഹിതരായി. നഗരത്തിലെ അറിയപ്പെടുന്ന രത്ന വ്യാപാരിയാണ് വധുവിന്‍റെ പിതാവ്. സംഭവത്തിൽ ഇതുവരെ കേസൊന്നും എടുത്തിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts