< Back
India
9.34 രൂപ കുടിശിക അടയ്ക്കാത്തതിന് ബാങ്കിൻ്റെ ഭീഷണിയും സമ്മർദവും; 10 രൂപ തിരിച്ചടച്ച് ബാക്കി 66 പൈസയ്ക്കായി നിയമനടപടിക്കൊരുങ്ങി കർഷകൻ
India

9.34 രൂപ കുടിശിക അടയ്ക്കാത്തതിന് ബാങ്കിൻ്റെ ഭീഷണിയും സമ്മർദവും; 10 രൂപ തിരിച്ചടച്ച് ബാക്കി 66 പൈസയ്ക്കായി നിയമനടപടിക്കൊരുങ്ങി കർഷകൻ

ലാൽകുമാർ
|
5 March 2026 4:42 PM IST

വായ്പ ഇതിനോടകം പൂർണമായും തിരിച്ചടച്ചിരുന്നതായി ഉപഭോക്താവ് പറഞ്ഞു

ബാങ്കുകൾ സാധാരണക്കാരോട് കാണിക്കുന്ന വിവേചനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതിഷേധവുമൊക്കെ സാധാരണമാണ്. എന്നാൽ, ഒരു അസാധരണമായ പ്രതിഷേധത്തിൻ്റെ വാർത്തയാണ് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള സകലേശ്പുരിലെ കാനറ ബാങ്ക് ശാഖയിൽ നിന്നും പുറത്തുവരുന്നത്. നാടകീയമായ സംഭവങ്ങളാണ് ബാങ്കിൽ അരങ്ങേറിയത്.

ചൊക്കണ്ണ ഗൗഡ എന്ന കർഷകനാണ് തന്റെ അവകാശത്തിനായി ബാങ്ക് അധികൃതരോട് പോരാടിയത്. 66 പൈസ തിരികെനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ഈ കർഷകൻ. കാനറ ബാങ്കിൽ നിന്ന് വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്ത ഒരു സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പ്രശ്‌നം ആരംഭിച്ചത്. അദ്ദേഹം മുമ്പ് 50,000 രൂപയുടെ വായ്പ ഇവിടെ നിന്ന് എടുത്തിരുന്നു, അത് ഇതിനകം തന്നെ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നതായി ഗൗഡ പറഞ്ഞു. പുതിയൊരു വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് അപ്രതീക്ഷിതമായ ഒരു നിബന്ധന ബാങ്ക് അധികൃതർ മുന്നോട്ടുവെച്ചത്. പഴയ വായ്പയിൽ ഇപ്പോഴും 9.34 രൂപയുടെ കുടിശിക ബാക്കിയുണ്ടെന്നും അത് അടച്ചുതീർക്കാതെ പുതിയ വായ്പ അനുവദിക്കില്ലെന്നുമായിരുന്നു നിലപാട്.

പണം നൽകുന്നതിനുള്ള പേ ഇൻ സ്ലിപ്പിൽ 9.34 രൂപ എന്ന് എഴുതിയതിനുശേഷം ചൊക്കണ്ണ 10 രൂപ കൗണ്ടറിൽ നൽകി. ബാക്കിയുള്ള 66 പൈസ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതർ ചില്ലറയില്ലെന്ന കാരണത്താൽ പണം നൽകാൻ തയാറായില്ല. ഇതോടെ തർക്കം ആരംഭിച്ചു. 20 വർഷമായി ബാങ്കിന്റെ ഉപയോക്താവായ തന്നോട് ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയതെന്ന് ഗൗഡ പറയുന്നു. 9.34 രൂപയുടെ പേരിൽ വായ്പ നൽകില്ലെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. അതിനാലാണ് ബാങ്കും കൃത്യമായിത്തന്നെ ബാക്കി നൽകണമെന്ന് നിർബന്ധം പിടിച്ചത്. ഉപഭോക്താക്കൾ ഓരോ പൈസയും നൽകണമെന്ന് ബാങ്കുകൾ വാശിപിടിക്കുന്നുണ്ടെങ്കിൽ, ഉപഭോക്താക്കൾക്കും അവരുടെ കൃത്യമായ ബാലൻസ് തിരികെ ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു.

ബാങ്ക് ജീവനക്കാർ വിഷയം കൈകാര്യം ചെയ്ത രീതി തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഏകദേശം 15 മുതൽ 20 വർഷമായി താൻ കാനറ ബാങ്കിന്റെ വിശ്വസ്ത ഉപഭോക്താവായി തുടരുന്നു. ഇത്രയും നീണ്ട ബന്ധമുണ്ടായിട്ടും, തന്നോട് നീതിപൂർവ്വം പെരുമാറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഏതായാലും ചൊക്കണ്ണയുടെ വേറിട്ട പ്രതിഷേധം ഇതിനോടകം തന്നെ വലിയ ചർച്ചയാവുകയും. ബാങ്കിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.

നിരവധി സമ്പന്നരായ വായ്പക്കാർ കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നിൽക്കുകയാണെന്നും ചെറുകിട ഉപഭോക്താക്കൾക്കെതിരെ ബാങ്കുകൾ കർശന നടപടി സ്വീകരിക്കുകയാണെന്നും വലിയ വായ്പാ വീഴ്ച വരുത്തുന്നവർ അതേ സമ്മർദ്ദം നേരിടുന്നില്ലെന്നും പലരും കുറ്റപ്പെടുത്തി.

Related Tags :
Similar Posts