< Back
India
കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ
India

കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ

Web Desk
|
5 Oct 2021 7:01 AM IST

മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി

ലഖിംപൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിലപാട് കടുപ്പിക്കാനുറച്ച് കർഷക സംഘടനകള്‍. കർഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് സംഘർഷമുണ്ടായ ലഖിംപൂരിൽ എത്തിയേക്കും. സ്ഥിതി ശാന്തമാകാതെ നേതാക്കളെ കടത്തിവിടാൻ കഴിയില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ ഭരണകൂടം.

അതേസമയം സീതാപൂരിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി. ലഖിംപൂര്‍ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലഖ്നൌവിൽ എത്തും. അർബൻ കോൺക്ലേവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ലഖ്നൌവിൽ എത്തുന്നത്.

ജുഡീഷ്യൽ അന്വേഷണം

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍, കർഷകരുടെ ശക്തമായ പ്രതിഷേധം തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ട് ലഖിംപൂര്‍ സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൊല്ലപ്പട്ട കർഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപ ധനസഹായവും നൽകും. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകാനും തീരുമാനിച്ചു.

സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തു. എന്നാൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിൽ മകന് പങ്കില്ലെന്നാണ് അജയ് മിശ്ര പറയുന്നത്. ലഖിംപൂർ ഖേരിയിൽ നടന്ന സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Similar Posts