< Back
India
രാജ്യത്ത് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാനാണ് ചിലർ ശ്രമിക്കുന്നത്; കശ്മീരി  ഷാൾ വിൽപ്പനക്കാർക്ക് എതിരായ അതിക്രമത്തിൽ ഫാറൂഖ് അബ്ദുല്ല
India

'രാജ്യത്ത് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാനാണ് ചിലർ ശ്രമിക്കുന്നത്'; കശ്മീരി ഷാൾ വിൽപ്പനക്കാർക്ക് എതിരായ അതിക്രമത്തിൽ ഫാറൂഖ് അബ്ദുല്ല

അഹമ്മദലി ശര്‍ഷാദ്
|
2 Jan 2026 4:04 PM IST

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കശ്മീരി ഷാൾ വിൽപ്പനക്കാർക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണമുണ്ടായത്

ശ്രീനഗർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരി ഷാൾ വിൽപ്പനക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഹിറ്റ്‌ലറുടെ നയം നടപ്പാക്കാനാണ് ചില ആളുകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല.

''ഇത് ഞങ്ങളുടെ വിധി, തികച്ചും വ്യത്യസ്തമായ ഉദ്ദേശ്യങ്ങളുള്ള ചില ആളുകളുണ്ട്. അവർ ഹിറ്റ്‌ലറുടെ പാത പിന്തുടരുകയും ഹിറ്റലറുടെ രീതികൾ ഇവിടെ നടപ്പാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്''- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

അതേസമയം ഈ മനോഭാവം അധികകാലം നിലനിൽക്കില്ലെന്ന പ്രതീക്ഷയും ഫാറൂഖ് അബ്ദുല്ല പങ്കുവെച്ചു. ഹിറ്റ്‌ലർ അപ്രത്യക്ഷനായി. ഈ തീവ്രവാദവും അവസാനിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുകാലമായാൽ കശ്മീരികൾ ഷാളുകളും മറ്റു കരകൗശല വസ്തുക്കളും വീടുകൾ കയറി വിൽപ്പന നടത്തുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു ഷാൾ വിൽപ്പനക്കാരനെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ആക്രമിച്ചിരുന്നു. 'ഭാരത് മാതാ കീ ജയ്' വിളിക്കാൻ ആവശ്യപ്പെട്ടാണ് കുപ്‌വാരയിൽ നിന്നുള്ള ബിലാൽ ഗനിയുടെ ഹിന്ദുത്വ സംഘടനക്കാർ മർദിച്ചത്. അങ്കൂർ സിങ് എന്ന വ്യക്തി ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഹിമാചൽ പ്രദേശിലും ഹരിയാനയിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പങ്കെടുത്തതിനെ ഫാറൂഖ് അബ്ദുല്ല സ്വാഗതം ചെയ്തു. നമ്മുടെ വിദേശകാര്യ മന്ത്രി ബംഗ്ലാദേശിൽ പോവുകയും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. ബംഗ്ലാദേശ് നമ്മുടെ പഴയ സുഹൃത്താണ്. ആ സൗഹൃദം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts