< Back
India
മൂന്ന് മാസം മുമ്പ് അച്ഛൻ മരിച്ചു, അമ്മ കൊന്നതാണെന്ന് തെളിയിച്ച് മകൾ
India

മൂന്ന് മാസം മുമ്പ് അച്ഛൻ മരിച്ചു, അമ്മ കൊന്നതാണെന്ന് തെളിയിച്ച് മകൾ

Web Desk
|
17 Nov 2022 6:44 PM IST

ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടിയതോടെയാണ് ഹൃദയാഘാതമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

മുംബൈ: അച്ഛൻ മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിയിച്ച് മകൾ. മഹാരാഷ്ട്രയിലെ ചന്ദർപൂരിലാണ് സംഭവം. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടിയതോടെയാണ് ഹൃദയാഘാതമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

കൊല നടത്തിയ രഞ്ജന രാംതെകെ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ഉറങ്ങുമ്പോഴാണ് രഞ്ജന കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം സ്ത്രീ അവരുടെ കാമുകനെ വിളിച്ച് വിവരം പറയുന്ന ഓഡിയോ ആണ് മകൾ കണ്ടെത്തിയത്.

ഞാൻ അദ്ദേഹത്തെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് അദ്ദേഹം മരിച്ച വിവരം അറിയിക്കും. ഹൃദയാഘാതമാണെന്ന് പറയും എന്നായിരുന്നു സ്ത്രീ കാമുകനോട് പറഞ്ഞത്. അടുത്ത ദിവസം ബന്ധുക്കളെ വിളിച്ച് ഇവർ ഭർത്താവ് മരിച്ച വിവരം അറിയിച്ചു. ആരും അവരെ സംശയിച്ചില്ല. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

കാര്യങ്ങളെല്ലാം രഞ്ജന ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ടുപോയി. മൂന്നു മാസങ്ങൾക്ക് ശേഷം മകൾ ശ്വേത അമ്മയെ കാണാൻ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങൾ മാറിമറിഞ്ഞത്. ശ്വേത ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങി. ഇതിനിടെ അമ്മയും കാമുകനും തമ്മിലുള്ള സംസാരം റെക്കോർഡായത് മകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ശ്വത പൊലീസിൽ വിവരമറിയിച്ചു.

രഞ്ജനയും കാമുകനായ മുകേഷ് ത്രിവേദിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോർഡിങ്ങുമായാണ് ശ്വേത പൊലീസ് സ്റ്റേഷനിലെത്തിയത്. ഓഡിയോ കേട്ട പൊലീസ് രഞ്ജനയേയും മുകേഷിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Similar Posts