< Back
India
പ്രണയവിവാഹം ചെയ്ത മകളെ മാപ്പ് കൊടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി;  21കാരിയെ പിതാവ് വെടിവെച്ചുകൊന്നു
India

പ്രണയവിവാഹം ചെയ്ത മകളെ മാപ്പ് കൊടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; 21കാരിയെ പിതാവ് വെടിവെച്ചുകൊന്നു

Web Desk
|
15 Jan 2026 12:48 PM IST

ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു

ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സ്വന്തം മകളെ വെടിവെച്ച് കൊന്ന പിതാവ് അറസ്റ്റില്‍.നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് പറയുന്നു.പ്രണയിച്ച് വിവാഹം ചെയ്ത 21കാരിയാണ് പിതാവിന്‍റെ വെടിയേറ്റ് മരിച്ചത്.കുടുംബത്തിന് അപമാനം വരുത്തിവെച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മുന്നേഷ് ധനുക് പൊലീസിനോട് കുറ്റസമ്മതം നടത്തി.

മെഹ്‌ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖിരിയ തപക് ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട നിധി ധനുക്, ഗ്വാളിയോർ നിവാസിയായ ദേവു ധനുക് എന്നയാളെ ഡിസംബർ 11 നാണ് വിവാഹം ചെയ്തത്. ഇതിനെച്ചൊല്ലി പിതാവും മകളും തമ്മില്‍ വഴക്ക് നിലനിന്നിരുന്നു.ഇതിനിടയിലാണ് നിധിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ പരാതി നല്‍കുന്നത്.

അന്വേഷണത്തിനൊടുവിലാണ് നിധിയെ പിതാവ് വിളിച്ചിരുന്നുവെന്നും മകള്‍ ചെയ്ത തെറ്റുകള്‍ ക്ഷമിച്ചെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടതായി മനസിലായത്. പിതാവിന്‍റെ വാക്കുകള്‍ വിശ്വസിച്ച് നിധി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം, മുന്നേഷ് ആളൊഴിഞ്ഞ പാടത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് മകളുടെ നെഞ്ചിലാണ് ഇയാള്‍ വെടിവെച്ചത്.

ബുധനാഴ്ച രാവിലെ നിധിയുടെ അമ്മ പൂജയാണ് കൊലപാതകവിവരം അധികൃതരെ അറിയിച്ചത്.പിന്നീട് നടത്തിയ പരിശോധനയില്‍ കടുക് പാടത്തുനിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മുന്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തിലുണ്ടായ അപമാനം ഭയന്നാണ് കൊലപാതകം നടത്തിയതെന്നും കുടുംബത്തിന് ഒരുപാട് മാനക്കേട് മകള്‍ ഉണ്ടാക്കിയെന്നും പ്രതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.കൊലപാതകക്കുറ്റം ചുമത്തിയാണ് മുന്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പിതാവിന് പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Similar Posts