< Back
India
Father of 13-year old Karur stampede victim approaches Supreme Court Seeks CBI probe

Photo| Special Arrangement

India

കരൂർ ദുരന്തം: ഇരയായ 13കാരന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ

Web Desk
|
8 Oct 2025 3:20 PM IST

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി.

ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ കുട്ടിയുടെ പിതാവ് സുപ്രിംകോടതിയിൽ. കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടാണ്, ദുരന്തത്തിൽ ജീവൻ നഷ്ടമായ സനുജ് എന്ന 13കാരന്റെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. സമാന ആവശ്യവുമായി ടിവികെയും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉമാ ആനന്ദ് സമർപ്പിച്ച ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ, ബിജെപി പാർട്ടികളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സുപ്രിംകോടതിയിൽ അപ്പീൽ എത്തിയത്.

സിബിഐ അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുകയും വിജയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥൻ അസ്റ ​ഗാർ​ഗിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.

കരൂരിൽ വിജയ്‌യുടെ പാർട്ടി റാലി ദുരന്തത്തിലേക്ക് വഴിമാറിയതിൽ പൊലീസിനെതിരെ ആരോപണവുമായി ടിവികെ രം​ഗത്തെത്തിയിരുന്നു. പൊലീസ് ലാത്തിച്ചാർജാണ് 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിലേക്ക് വഴിവച്ചതെന്നായിരുന്നു ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ ടിവികെ വാദം സ്റ്റാലിൻ സർക്കാർ തള്ളി. ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.

നേരത്തെ, റിട്ട. ജസ്റ്റിസ് അരുണ ജ​ഗദീഷൻ അധ്യക്ഷയായ ജുഡീഷ്യൽ കമ്മീഷനെ ദുരന്തത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കരൂർ ദുരന്തത്തിൽ പിടിയിലായ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾ റിമാൻ‍ഡിലാണ്. മതിയഴകൻ, പൗൺ രാജ് എന്നിവരെയാണ് കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. ടിവികെ ജില്ലാ സെക്രട്ടറി എൻ. സതീഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

സെപ്തംബർ 27ന് രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്. 27000 പേരായിരുന്നു തിരക്കേറിയ റോഡിൽ വിജയ്‌യുടെ റാലിക്കെത്തിയത്. റാലിയിലേക്ക് വിജയ് 7 മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞിരുന്നു.

Similar Posts