< Back
India
ആത്മവീര്യം നഷ്ടപ്പെട്ട പോലെ, സങ്കടം; ഭറൂച്ച് എഎപിക്ക് വിട്ടു നൽകിയതിൽ അഹ്‌മദ് പട്ടേലിന്റെ മകൾ
India

'ആത്മവീര്യം നഷ്ടപ്പെട്ട പോലെ, സങ്കടം'; ഭറൂച്ച് എഎപിക്ക് വിട്ടു നൽകിയതിൽ അഹ്‌മദ് പട്ടേലിന്റെ മകൾ

Web Desk
|
24 Feb 2024 5:25 PM IST

അഹമ്മദ് പട്ടേൽ മൂന്നു തവണ ജയിച്ച മണ്ഡലമാണ് ഭറൂച്ച്

അഹമ്മദാബാദ്: ഗുജറാത്തിൽ ഭറൂച്ച് ലോക്‌സഭാ മണ്ഡലം ആം ആദ്മി പാർട്ടിക്ക് വിട്ടു നൽകിയതിൽ സംസ്ഥാന കോൺഗ്രസിൽ അതൃപ്തി. സീറ്റു ധാരണയ്ക്കെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ രംഗത്തെത്തി. ദുഃഖകരവും ആത്മവീര്യം ചോർത്തുന്നതുമായ തീരുമാനം എന്നാണ് മുംതാസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. സീറ്റ് എഎപിക്ക് നൽകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തിരുന്നതായും അവർ അവകാശപ്പെട്ടു.

'ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കോൺഗ്രസിന് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ പുറത്തു വരുന്ന വാർത്തകൾ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതും ദുഃഖകരവുമാണ്. ഭറൂച്ച് എഎപിക്ക് നൽകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തു എന്നാണ് വിവരം. പരമ്പരാഗതമായി ഇത് കോൺഗ്രസ് സീറ്റാണ്. കോൺഗ്രസിന്റെ പിന്തുണ വേണം എന്നുള്ളതു കൊണ്ടാണ് അവർ സഖ്യം ആവശ്യപ്പെടുന്നത്' - എന്നാണ് മുംതാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.

തീരുമാനം പുനഃപരിശോധിക്കാൻ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ അഹമ്മദും നേതൃത്വത്തോട് അഭ്യർത്ഥിച്ചു. മറ്റുള്ള ഏതു പാർട്ടിയേക്കാളും ഭറൂച്ചിൽ ജയിക്കാനുള്ള സാധ്യത കോൺഗ്രസിനാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

'ഞാൻ ഇൻഡ്യ സഖ്യത്തിന് അനുകൂലമാണ്. ജനാധിപത്യത്തിൽ സഖ്യങ്ങൾ പ്രധാനവുമാണ്. എന്നാൽ ഭറൂചിനെ സംബന്ധിച്ച്, ഇവിടെ കോൺഗ്രസ് മാത്രമേ ജയിക്കൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഞാൻ പറയുന്നു. മറ്റാരേക്കാളും കൂടുതൽ വിജയസാധ്യത ഇവിടെ കോൺഗ്രസിനാണെന്ന് ഭറൂച്ചിന്റെ രാഷ്ട്രീയം മനസ്സിലാക്കുന്നവർക്ക് അറിയാം' - അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

അതേസമയം, ഭറൂച്ചിൽ ദെദിയാപാഡ എംഎൽഎ ചിൈതാർ വാസവയെ എഎപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അഹമ്മദ് പട്ടേൽ മൂന്നു തവണ ജയിച്ച മണ്ഡലമാണ് ഭറൂച്ച്. 1977, 1984, 1989 വർഷങ്ങളിൽ. 89 മുതൽ 1998 വരെ ബിജെപിയുടെ ചന്ദു ദേശ്മുഖാണ് ഇവിടെ ജയിച്ചത്. അതിന് ശേഷം തുടർച്ചയായി ആറു തവണ ബിജെപി നേതാവ് മൻസൂഖ് വാസവയാണ് ഭറൂച്ചിൽ നിന്ന് പാർലമെന്റിലെത്തിയത്.

ഭറൂച്ചിന് പുറമേ, സഖ്യധാരണ പ്രകാരം ഭാവ്‌നഗറിലും എഎപി മത്സരിക്കും. സംസ്ഥാനത്തെ 26ൽ 24 സീറ്റിലാണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. ഗുജറാത്തിന് പുറമേ, ഹരിയാന, ചണ്ഡീഗഡ്, ഗോവ സംസ്ഥാനങ്ങളിൽ എഎപിയുമായി കോൺഗ്രസ് ധാരണയിലെത്തി. ആം ആദ്മി അധികാരത്തിലിരിക്കുന്ന പഞ്ചാബിൽ സീറ്റ് ധാരണ പൂർത്തിയായിട്ടില്ല. പഞ്ചാബിൽ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.

Similar Posts