< Back
India
റാഞ്ചിയിൽ വനിതാ എസ്.ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി
India

റാഞ്ചിയിൽ വനിതാ എസ്.ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി

Web Desk
|
20 July 2022 10:23 AM IST

പിക്കപ്പ് വാനും പ്രതിയും പൊലീസ് കസ്റ്റഡിയിലാണ്.

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ വനിതാ എസ്.ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി. തുപുടാന പൊലീസ് സ്റ്റേഷനിലെ എസ്.ഐ സന്ധ്യാ തപ്നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെയാണ് സംഭവം. പിക്കപ്പ് ട്രക്കും പ്രതിയും പൊലീസ് കസ്റ്റഡിയിലാണ്. കന്നുകാലിക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

ഒഡീഷയിൽ നിന്ന് കന്നുകാലികളെ കയറ്റിയ ഒരു പിക്കപ്പ് ട്രക്ക് റാഞ്ചിയിലൂടെ കടന്നുപോകുമെന്ന് സന്ധ്യയ്ക്ക് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് തവണ പൊലീസ് പട്രോളിങ് സംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട പിക്കപ്പ് ട്രക്ക് സന്ധ്യയുടെ മുന്നിലെത്തുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അമിത വേഗതയില്‍ ട്രക്ക് സന്ധ്യക്ക് മേല്‍ പാഞ്ഞുകയറി. ട്രക്ക് ഓടിച്ചിരുന്ന നിസാര്‍ ഖാന്‍ എന്ന ഡ്രൈവര്‍ അറസ്റ്റിലായി. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. കന്നുകാലികളെ എങ്ങോട്ട് കടത്താനാണ് ലക്ഷ്യമിട്ടത് എന്നത് ഉള്‍പ്പെടെ കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു.

ഹരിയാനയില്‍ പൊലീസ് ഓഫീസറെ ട്രക്കിടിച്ച് കൊന്നു

കഴിഞ്ഞ ദിവസം ഹരിയാനയിലും സമാന സംഭവമുണ്ടായി. ഖനന മാഫിയ പൊലീസ് ഓഫീസറെ ട്രക്കിടിച്ചാണ് കൊലപ്പെടുത്തിയത്. നുഹിൽ അനധികൃത ഖനനം തടയാൻ പോയ ഡി.എസ്.പി സുരേന്ദ്ര സിങ് ബിഷ്ണോയിയെ ആണ് കല്ല് നിറച്ച ട്രക്ക് ഇടിച്ചു വീഴ്ത്തിയത്.

ആരവല്ലി പർവതനിരയ്ക്ക് സമീപമുള്ള പച്ചഗാവിൽ അനധികൃതമായി കല്ലുകൾ ഖനനം ചെയ്യുന്നതായി സുരേന്ദ്ര സിങ് ബിഷ്‌ണോയിക്ക് വിവരം ലഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് സംഘത്തോടൊപ്പമാണ് ഇദ്ദേഹം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്നവർ ഓടിരക്ഷപ്പെടാൻ തുടങ്ങി. സുരേന്ദ്ര സിങ് ബിഷ്ണോയി റോഡില്‍ കയറിനിന്ന് വാഹനങ്ങൾ നിർത്താൻ സിഗ്നൽ നൽകി. എന്നാൽ ട്രക്ക് ഓടിച്ച ഡ്രൈവർ നിര്‍ത്താതെ ഓടിച്ചുപോയി. ട്രക്ക് ഇടിച്ച് സുരേന്ദ്ര സിങ് ബിഷ്ണോയ് താഴെവീണു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവര്‍ ഉടനെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.


Related Tags :
Similar Posts