
Photo| Special Arrangement
ബിഹാർ തെരഞ്ഞെടുപ്പ്: എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
|ജില്ലയും മണ്ഡലവും തിരിച്ചുള്ള വോട്ടർപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര പരിഷ്കരണത്തിനു ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
7.42 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കരട് പട്ടികയേക്കാൾ 18 ലക്ഷം വോട്ടര്‍മാര്‍ അന്തിമ പട്ടികയിൽ കൂടുതലാണ്. 2025 ജൂണിലെ വോട്ടർ പട്ടികയിൽ നിന്ന് 47 ലക്ഷം വോട്ടർമാർ പുതിയ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ഓരോരുത്തർക്കും വോട്ടവകാശമുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കണമെന്ന് വോട്ടർമാരോട് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ജില്ലയും മണ്ഡലവും തിരിച്ചുള്ള വോട്ടർപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 65 ലക്ഷം പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു.
ചില മണ്ഡലങ്ങളിൽ മുസ്‌ലിംകളെ പട്ടികയിൽ നിന്നൊഴിവാക്കുന്നുണ്ടെന്ന വിമർശനങ്ങൾ ഉയരുകയും നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം, ഒക്ടോബർ ഏഴിനാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിംകോടതി വാദം കേൾക്കുക.