< Back
India
ബ്രിക്‌സ് കറന്‍സി; ലോക്സഭയിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ
India

ബ്രിക്‌സ് കറന്‍സി; ലോക്സഭയിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ

Web Desk
|
3 Dec 2024 9:14 AM IST

ഡോളറിനെതിരെ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുമെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ബ്രിക്‌സ് കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് കോഴിക്കോട് എംപി എം.കെ രാഘവന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് ധനകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡോളറിനെതിരെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ കടുത്ത നടപടിയിലേയ്ക്ക് പോകുമെന്ന ഭീഷണിയായിരുന്നു ട്രംപ് ഉയര്‍ത്തിയിരുന്നത്. പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണയ്ക്കുകയോ ചെയ്താല്‍ ഇന്ത്യ ഉള്‍പ്പെടെയുളള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളര്‍ ഇതര കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ബ്രിക്സ് പേ എന്ന പേരില്‍ സ്വന്തം പേയ്മെന്റ് സവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.

എന്നാല്‍ യുഎസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെയും പിന്തുണക്കരുതെന്നും അങ്ങനെ ചെയ്താല്‍ നൂറ് ശതമാനം നികുതി ഈടാക്കാന്‍ അവര്‍ തയാറാകണമെന്നും പിന്നീട് അവര്‍ക്ക് യുഎസ് സമ്പദ് വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുമെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ തീരുമാനത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ ലോക്‌സഭയില്‍ ചോദ്യമുന്നയിച്ചത്.

2024 ബ്രിക്‌സ് ഉച്ചകോടിയില്‍ ആതിഥേയ രാജ്യമായ റഷ്യ ബ്രിക്‌സ് കറന്‍സി എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് മാത്രമാണ് എംപിക്ക് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്‍കിയത്. എന്നാല്‍ ഈ ആശയത്തോട് ഇന്ത്യ യോജിക്കുന്നെന്നോ വിയോജിക്കുന്നെന്നോ വ്യക്തമാക്കാന്‍ മന്ത്രാലയം തയാറായില്ല. ബ്രിക്‌സ് കൂട്ടായ്മയുടെ കീഴില്‍ രൂപീകരിച്ച ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിലേക്ക് (എന്‍ഡിബി) 200 കോടി ഡോളറാണ് ഇന്ത്യ നല്‍കിയത്. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 വര്‍ഷം വരെ ഏഴ് തവണകളായാണ് ഈ തുക നല്‍കിയത്. എന്‍ഡിബിയില്‍ നിന്ന് വായ്പയായി 4867 ദശലക്ഷം യുഎസ് ഡോളര്‍ ലഭ്യമാക്കി ഗതാഗത വികസനം, ജലസംരക്ഷണം, ശുദ്ധജല വിതരണം എന്നീ മേഖകളിലായി 20 പദ്ധതികള്‍ രാജ്യത്ത് പുരോഗമിക്കുന്നുണ്ട് എന്ന് ധനകാര്യ സഹമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

Similar Posts