
പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താക്കപ്പെടുന്ന കേഡറ്റുമാർക്കുള്ള ധനസഹായം; വടിയെടുത്ത് സുപ്രിംകോടതി; സെക്രട്ടറിമാരെ വിളിച്ചു വരുത്തും
|കര, നാവിക, വ്യോമസേനാ മേധാവികൾ കേഡറ്റുകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രതിരോധ-ധനകാര്യ മന്ത്രാലയങ്ങളുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ വൈകാൻ കാരണം
ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താക്കപ്പെടുന്ന കേഡറ്റുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തില്ലെങ്കിൽ പ്രതിരോധ സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര മന്ത്രാലയങ്ങളുടെ മെല്ലെപ്പോക്കിൽ അതൃപ്തി രേഖപ്പെടുത്തിയത്.
ജനുവരി 20-ന് കേസ് പരിഗണിച്ചപ്പോൾ ആറാഴ്ചത്തെ സമയം അനുവദിച്ചിരുന്നിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസായിട്ടും പ്രതിരോധ-ധനകാര്യ മന്ത്രാലയങ്ങൾ ഗൗരവം കാട്ടുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 2026-ലെ ധനകാര്യ ബില്ല് നിലവിൽ പരിഗണനയിലാണെന്നും, ഈ വിഭാഗത്തിനായി തുക വകയിരുത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ജസ്റ്റിസ് നാഗരത്ന ഓർമ്മിപ്പിച്ചു. മാർച്ച് അവസാനത്തിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടായില്ലെങ്കിൽ ഇരു മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സൈനിക പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേൽക്കുകയോ വൈകല്യം സംഭവിക്കുകയോ ചെയ്യുന്ന കേഡറ്റുകൾക്ക് നിലവിൽ സൈനികർക്ക് ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങളോ പെൻഷനോ ലഭിക്കുന്നില്ല. ഇവർക്ക് കൃത്യമായ പദവിയില്ലാത്തതിനാൽ മെഡിക്കൽ സഹായം, ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കര, നാവിക, വ്യോമസേനാ മേധാവികൾ കേഡറ്റുകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രതിരോധ-ധനകാര്യ മന്ത്രാലയങ്ങളുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ വൈകാൻ കാരണം.