
ഈ റോഡില്‍ മുസ്‌ലിംകള്‍ പ്രവേശിക്കരുതെന്ന് ചുമരെഴുത്ത്; പിന്നാലെ ഹിന്ദു രക്ഷാദൾ പ്രവർത്തകർക്കെതിരെ കേസ്
|ഹിന്ദു രക്ഷാദൾ പ്രവർത്തകർ കറുത്ത പെയിന്‍റ് ഉപയോഗിച്ച് ചുമരിലെഴുതുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
ലഖ്‌നൗ: ഡല്‍ഹി- ഡെറാഡൂണ്‍ പാതയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരിലെ എക്‌സ്പ്രസ് പാതയുടെ വശങ്ങളിൽ ഇന്നലെ രാത്രി 11 മണിക്കാണ് സന്ദേശം എഴുതിയത്. സഹാറാന്‍പൂര്‍ ജില്ലയിലെ ബിഹാറിഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ അതുവഴി കടന്നുപോയ യാത്രക്കാരാണ് ചുമരെഴുത്ത് കാണുന്നത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ദേശീയപാത അതോറിറ്റി ജീവനക്കാരന്‍ സുനില്‍കുമാറാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. പ്രവർത്തകർ കറുത്ത പെയിന്‍റ് ഉപയോഗിച്ച് ചുമരിൽ എഴുതുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നാലെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിന്ദു രക്ഷാദള്‍ സംസ്ഥാന അധ്യക്ഷൻ ലളിത് ശര്‍മ രംഗത്തെത്തി. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സഹാറാന്‍പൂരിലെ മറ്റൊരിടത്ത് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും ലളിത് പ്രതികരിച്ചു.