India
ബജ്‌റംഗ് ദള്‍ പ്രവർത്തകരുടെ അക്രമം തടഞ്ഞ സംഭവം: ദീപക് കുമാറിനെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്
India

ബജ്‌റംഗ് ദള്‍ പ്രവർത്തകരുടെ അക്രമം തടഞ്ഞ സംഭവം: ദീപക് കുമാറിനെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

റിഷാദ് അലി
|
2 Feb 2026 10:07 PM IST

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

ഡെറാഡൂണ്‍: കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. ജിം ഉടമ ദീപക് കുമാര്‍, വിജയ് റാവത്ത് എന്നിവര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കച്ചവടക്കാരനെ സംരക്ഷിക്കുന്നതിനിടെ എന്താണ് പേരെന്ന് ബജ്റംഗ്ദള്‍ പ്രവർത്തകർ ചോദിച്ചപ്പോൾ മറുപടിയായി മുഹമ്മദ് ദീപക് എന്ന് പറഞ്ഞ സംഭവം വൈറലായിരുന്നു.

വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ഗൗരവ് കശ്യപ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ കമൽ പാൽ എന്നിവര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമാറിനും റാവത്തിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

നേരത്തെ ദീപക് കുമാറിന് നേരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടിന് നേരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണ ശ്രമവും നടത്തിയിരുന്നു.

ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവങ്ങളുടെ തുടക്കം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന വാക്ക് മാറ്റണമെന്നായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു അക്രമികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തി ഇവര്‍ ഭീഷണിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു.

ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തുകൊണ്ടാണ് മാറ്റണമെന്ന് പറയുന്നതെന്നും ദീപക് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക്ക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം എന്നുകൂടി ദീപക്ക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു

Similar Posts