< Back
India
കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്തു, അറസ്റ്റിന് സാധ്യത
India

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്തു, അറസ്റ്റിന് സാധ്യത

Web Desk
|
15 May 2025 9:17 AM IST

വിജയ് ഷാക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെയാണ് നടപടി

ന്യൂഡൽഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്തു. അദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

വിജയ് ഷാക്കെതിരേ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെ, മാൻപുർ പൊലീസാണ് കേസ് എടുത്തത്. ഷാക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പൊലീസിന് നിർദേശം നൽകിയിരുന്നു.

പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി വൈകുന്നേരത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രികൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു‘ - ഇങ്ങനെയായിരുന്നു വിജയ് ഷായുടെ പരാമർശം.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. സായുധ സേനയെ അപമാനിക്കുകയാണ് ബിജെപി മന്ത്രി ചെയ്തതെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് ആവശ്യപ്പെട്ടിരുന്നു.

Similar Posts