< Back
India
ബംഗളൂരുവിൽ നാലുനില കെട്ടിടത്തിൽ തീപിടിത്തം; അഞ്ചുപേർ വെന്തുമരിച്ചു
India

ബംഗളൂരുവിൽ നാലുനില കെട്ടിടത്തിൽ തീപിടിത്തം; അഞ്ചുപേർ വെന്തുമരിച്ചു

Web Desk
|
16 Aug 2025 5:18 PM IST

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ചവിട്ടി നിർമാണശാലയുടെ ​ഗോഡൗണിൽ നിന്നാണ് തീ പടർന്നത്

ബംഗളൂരു: നഗരത്തിലെ തിരക്കേറിയ കെആർ മാർക്കറ്റിന് സമീപം നാഗർത്ത്‌പേട്ടിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ വെന്തുമരിച്ചു. രാജസ്ഥാൻ സ്വദേശി മദൻ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാൻ(അഞ്ച്), സുരേഷ് കുമാർ(26) എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയിലാണ് മരിച്ച മദൻ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിർമാണ ശാലയുടെ ഗോഡൗണിൽ നിന്നാണ് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. ഈ ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച മദൻ സിങ്ങും സുരേഷും. തീപിടിച്ച ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയതായി സംഭവസ്ഥലം സന്ദർശിച്ച ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

താഴത്തെ നിലയിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. പിന്നീട് അത് മുഴുവൻ കെട്ടിടത്തിലേക്കും പടർന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും മുകളിലത്തെ നിലയിൽ കനത്ത പുക നിറയുകയായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Similar Posts