
'ആദ്യം അവർ വീട് പൊളിച്ചു, പിന്നാലെ വോട്ടർ ലിസ്റ്റിൽ നിന്ന് പേരും വെട്ടി' അസമിൽ നടന്നത് ആസൂത്രിത നീക്കം
|അസമിലെ ധുബ്രി ജില്ലയിൽ താമസിക്കുന്ന 1400-ഓളം ആളുകളുടെ വീടുകൾ പൊളിച്ചുമാറ്റുകയും ഇവരുടെ പേരിൽ വോട്ടർ ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഫോം 7-കൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ ഭൂരിഭാഗവും കിഴക്കൻ ബംഗാൾ വംശജരായ മുസ്‍ലിംകളാണ്
അസം: ജൂലൈ 8-ന് ജില്ലാ ഭരണകൂടം വീട് പൊളിച്ചുമാറ്റിയ ഇഷ്ടിക ചൂള തൊഴിലാളിയായ താഹിർ അലിക്ക് ജൂലൈ 15-ന് ഒരു സന്ദേശം ലഭിക്കുന്നു. 'VSP-യിൽ ഫോം സമർപ്പിച്ചതിന് നന്ദി. നിങ്ങളുടെ റഫറൻസ് ഐഡി S0301D7S1**********531, ECI.' വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യുന്നതിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടലിൽ ഒരു 'ഫോം 7' അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് സന്ദേശം ലഭിച്ചതെന്ന് എഴുത്തും വായനയും അറിയാത്ത താഹിർ അയൽക്കാരനിൽ നിന്ന് മനസിലാക്കി. ചെറുപ്പം മുതൽ തന്നെ ചാരുബഖ്‌റ ഗ്രാമത്തിലാണ് തങ്ങൾ താമസിച്ചിരുന്നതെന്ന് താഹിർ അലി ഓർക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് കാശിം അലി (65) വർഷങ്ങൾക്ക് മുമ്പ് തന്റെ വോട്ടർ രജിസ്ട്രേഷൻ ഔദ്യോഗികമായി ചാരുബഖ്‌റ ഗ്രാമത്തിലേക്ക് മാറ്റുകയും മുമ്പത്തെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 'ആദ്യം അവർ ഞങ്ങളുടെ വീടുകൾ തകർത്തു. ഇപ്പോൾ അവർ വോട്ടർ പട്ടികയിൽ നിന്ന് ഞങ്ങളുടെ പേരുകളും ഇല്ലാത്തതാക്കി.' താഹിർ അലി ദി വയറിനോട് പറഞ്ഞു. 'ഞാൻ ഒരു കുടിയേറ്റ തൊഴിലാളിയാണ്. ഞാൻ എവിടെ ജോലിക്ക് പോയാലും വോട്ടർ ഐഡി ചോദിക്കും. ഇനി ഞാൻ എങ്ങനെ അത് നൽകും?' താഹിർ അലി ചോദിച്ചു.
താഹിർ അലി തൻ്റെ ടെന്റിൽ. ഫോട്ടോ: കാസി ഷരോവർ ഹുസൈൻ, ദി വയർ
ഈ കഴിഞ്ഞ ജൂലൈ 8-ന് ധുബ്രി ജില്ലാ ഭരണകൂടം ചാപ്പർ റവന്യൂ സർക്കിളിലെ ബിലാസിപാറ പ്രദേശത്തിനടുത്തുള്ള ആയിരക്കണക്കിന് വീടുകൾ പൊളിച്ചുമാറ്റി. 1,400 വീടുകൾ ഇങ്ങനെ പൊളിച്ചുമാറ്റിയതായി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ ഭൂരിഭാഗവും കിഴക്കൻ ബംഗാൾ വംശജരായ മുസ്‍ലിംകളാണ്. '(വീട്) പൊളിച്ചുമാറ്റിയവരുടെയെല്ലാം പേരുകൾ ഡെപ്യൂട്ടി കമീഷണർ ഇതിനകം വോട്ടർ പട്ടികയിൽ നിന്നും ഇല്ലാതാക്കിയിട്ടുണ്ടാകും.' ജൂലൈ 15-ന് നടന്ന പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

താഹിർ അലിക്ക് ലഭിച്ച സന്ദേശം. ഫോട്ടോ: കാസി ഷാരോവർ ഹുസൈൻ, ദി വയർ
താഹിർ അലിക്ക് സന്ദേശം ലഭിച്ച അതേ വൈകുന്നേരം കുടിയിറക്കൽ ഡ്രൈവിൽ വീടും സ്കൂളും നഷ്ടപ്പെട്ട ഒരു സ്വകാര്യ സ്കൂൾ അധ്യാപകനായ മുഹിബുൽ ഇസ്ലാമിനും സമാനയമായ സന്ദേശം ലഭിച്ചു. ഇസിഐ പോർട്ടലിൽ റഫറൻസ് നമ്പർ ട്രാക്ക് ചെയ്തപ്പോൾ തന്റെ പേരിലും ഫോം 7 സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. 'ഞാൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് എന്റെ പേര് ഇല്ലാതാക്കാൻ ഒരിക്കലും ആവശ്യപ്പെട്ടില്ല. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?' മുഹിബുൽ ചോദിച്ചു. അതേ ദിവസം തന്നെ ഷഹാദത്ത് അലി എന്ന യുവാവിനും സന്ദേശം ലഭിച്ചു. ബിരുദധാരിയായ ഷഹാദത്തിന്റെ വീടും ജില്ലാ ഭരണകൂടം പൊളിച്ചിരുന്നു. 1966 മുതൽ തന്റെ കുടുംബം അവിടെ താമസിക്കുന്നുണ്ടെന്ന് ശഹാദത്ത് അവകാശപ്പെടുന്നു. 'അറിയിപ്പ് ലഭിച്ചപ്പോൾ ഞാൻ ഭയന്നുപോയി. ഈ മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകൾ കുറക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇത് അപമാനകരമാണ്.' ശഹാദത്ത് പറഞ്ഞു.
വർഷങ്ങളായി താമസിച്ചിരുന്ന വീടുകൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് അസഹനീയമായ ചൂടിൽ ടാർപോളിൻ ടെന്റുകളിൽ ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്ത നിരന്തരമായ പൊലീസ് പീഡനം നേരിട്ട് കഴിയുന്ന ചാരുബഖ്‌റയിലെ നൂറുകണക്കിന് ആളുകൾ ഇപ്പോൾ പൗരത്വം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു. കാരണം പലർക്കും അത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ചാരുബഖ്‌റ, സന്തോഷ്പൂർ, ചിരകുട്ട പാർട്ട് 1, പാർട്ട് 2 എന്നിവയുൾപ്പെടെ നാല് ഗ്രാമങ്ങളിലായി ഏകദേശം 3,800 വോട്ടർമാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചാരുബഖ്‌റ ജംഗിൾ ബ്ലോക്കിലെയും സന്തോഷ്പൂരിലെയും ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) കണക്കനുസരിച്ച് ചാരുബഖ്‌റയിലെയും സന്തോഷ്പൂർ വില്ലേജിലെയും കുറഞ്ഞത് 1,260 വ്യക്തികളുടെ പേരിൽ 'ഫോം 7' ഇസിഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ചൗബക്രയിൽ ടാർപോളിൻ ടെൻ്റുകളിൽ ഒരു സ്ത്രീ പാചകം ചെയ്യുന്നു. ഫോട്ടോ: കാസി ഷരോവർ ഹുസൈൻ, ദി വയർ
ചാരുബഖ്‌റ ജംഗിൾ ബ്ലോക്കിൽ നിന്നുള്ള 70 വയസുള്ള കാസിം അലി പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുകയാണ്. നിലവിൽ ഗ്രാമത്തിലെ ഒരു താൽക്കാലിക കൂടാരത്തിലാണ് അദ്ദേഹം താമസിക്കുന്നത്. തന്റെ ഫോൺ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ തന്റെ പേരിൽ ഫോം 7 സമർപ്പിച്ചിട്ടുണ്ടോ എന്ന് കാസിമിന് അറിയില്ല. കാസിം അലിയെപ്പോലുള്ള താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്ന പലരും അവരുടെ ഫോൺ നമ്പറുകൾ മാറ്റിയിരിക്കുന്നതിനാൽ തങ്ങളുടെ നിലവിലെ വോട്ടർ നിലയെക്കുറിച്ച് അറിവില്ലാത്തവരാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് ഔപചാരികമായി വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവർ അവരുടെ വോട്ടർ ഐഡികൾ ബന്ധുക്കളുടെ ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്നു. തൽഫലമായി, പ്രദേശത്തെ പലർക്കും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. 'ഞങ്ങൾക്ക് എപ്പോഴും ലഭിക്കുന്നതുപോലുള്ള മറ്റൊരു ക്രമരഹിതമായ എസ്എംഎസ് മാത്രമാണിതെന്നാണ് ആദ്യം കരുതിയത്. ഒരു അയൽക്കാരൻ എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അത് ഇസിഐയിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായത്.' തന്റെ ഫോൺ നമ്പർ മൂന്ന് പേരുടെ വോട്ടർ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള ചാരുബഖ്‌റയിലെ ഒരു അധ്യാപകൻ പറഞ്ഞു.
ചാൻ അലി (27), ജോഹൂർ അലി (22), കാഞ്ചൻ ഖാത്തൂൺ (20) എന്നിവർ ആദ്യമായി വോട്ട് ചെയ്തവരും ബന്ധുക്കളുമാണ്. കുടിയൊഴിപ്പിക്കൽ നടപടിയിൽ വീടുകൾ തകർന്ന ഇവർ ഇപ്പോൾ ടാർപോളിൻ ടെന്റുകളിലാണ് താമസിക്കുന്നത്. 'ജോഹുറിനെയും കാഞ്ചനെയും പോലുള്ള യുവ വോട്ടർമാർ വലിയ അപകടത്തിലാണ്. അവരുടെ പൗരത്വം നിഷേധിക്കപ്പെട്ടാൽ, അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.'ചാൻ അലി പറഞ്ഞു.
1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 22 അനുസരിച്ച് ഒരു വ്യക്തി ഒരു നിയോജകമണ്ഡലത്തിലെ താമസക്കാരൻ അല്ലെങ്കിൽ വോട്ടർ പട്ടികയിലെ എൻട്രികൾ തിരുത്താൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) അധികാരമുണ്ട്. എന്നാൽ ആ വ്യക്തിയുടെ ഭാഗം കേൾക്കാൻ ന്യായമായ അവസരം നൽകിയതിനുശേഷം മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഈ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും ചാരുബഖ്‌റയിൽ നിന്നും സന്തോഷ്പൂരിൽ നിന്നും കുടിയിറക്കപ്പെട്ട നിരവധി നിവാസികൾ പറയുന്നത് തങ്ങൾക്ക് എസ്എംഎസ് സന്ദേശങ്ങൾ മാത്രമാണ് ലഭിച്ചത് ഔദ്യോഗിക അറിയിപ്പൊന്നും ലഭച്ചിട്ടില്ല എന്നാണ്. മാത്രമല്ല. ഫോം 7 അപേക്ഷകൾ ഒരിക്കലും സമർപ്പിച്ചിട്ടില്ലെന്നും അവർ പറയുന്നു.
1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെ ചട്ടം 21A പ്രകാരം, വോട്ടർ പട്ടിക പരിഷ്കരണ സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഫീൽഡ് വെരിഫിക്കേഷനും പൊതു അറിയിപ്പും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് പല താമസക്കാരും ആവർത്തിക്കുന്നു. കൂടാതെ, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ERO-കൾക്കായുള്ള മാനുവൽ വീടില്ലാത്തവർക്ക് വോട്ടർമാരായി രജിസ്റ്റർ ചെയ്യാനുള്ള അവകാശം അംഗീകരിക്കുന്നു. വീടില്ലാത്ത അപേക്ഷകർക്ക് താമസസ്ഥലം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ലെന്ന് മാനുവലിൽ പ്രത്യേകം പറയുന്നു. മാനുവലിൽ ഇങ്ങനെ പറയുന്നു, 'അത്തരം സാഹചര്യത്തിൽ, വീടില്ലാത്ത വ്യക്തി യഥാർത്ഥത്തിൽ നൽകിയിരിക്കുന്ന സ്ഥലത്ത് ഉറങ്ങുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ബൂത്ത് ലെവൽ ഓഫീസർ ഫോം 6-ൽ നൽകിയിരിക്കുന്ന വിലാസം ഒന്നിലധികം തവണ സന്ദർശിക്കും.'