< Back
India
110 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യു.പി ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒരംഗം പോലുമില്ലാതെ കോൺഗ്രസ്
India

110 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യു.പി ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒരംഗം പോലുമില്ലാതെ കോൺഗ്രസ്

Web Desk
|
7 July 2022 4:06 PM IST

ഉപരിസഭയിലേക്ക് ഒരംഗത്തെപ്പോലും തിരഞ്ഞെടുക്കാനുള്ള അംഗബലം കോൺഗ്രസിനില്ല. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

ലഖ്‌നൗ: പാർട്ടിയുടെ 110 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഉത്തർപ്രദേശ് നിയമസഭയുടെ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒരംഗം പോലുമില്ലാതെ കോൺഗ്രസ്. ഏക അംഗമായ ദീപക് സിങ് ബുധനാഴ്ച കാലാവധി പൂർത്തിയാക്കിയതോടെയാണ് ഉപരിസഭയിൽ കോൺഗ്രസ് അംഗബലം പൂജ്യമായത്. 1887ൽ നിലവിൽവന്ന യു.പി ലെജിസ്ലേറ്റീവ് കൗൺസിലിൽ മോത്തിലാൽ നെഹ്‌റുവായിരുന്നു ആദ്യ കോൺഗ്രസ് അംഗം. 1909 ലാണ് അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായത്.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ യോഗി മന്ത്രിസഭയിൽ അംഗമായ ഡാനിഷ് ആസാദ് അൻസാരി (ബിജെപി), ഷാനവാസ് ഖാൻ, ജസ്മീർ അൻസാരി (എസ്.പി) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നുപോവുന്നത്. ഉപരിസഭയിലേക്ക് ഒരംഗത്തെപ്പോലും തിരഞ്ഞെടുക്കാനുള്ള അംഗബലം കോൺഗ്രസിനില്ല. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

നിലവിലെ പാർട്ടിയുടെ അവസ്ഥ ദുഃഖകരമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്രാ മോന പറഞ്ഞു. ''ഉപരിസഭയിൽ രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയുടെ പൂജ്യമാവുന്നത് ദുഃഖകരമാണ്. പക്ഷെ ഇത് ജനാധിപത്യമാണ് അവിടെ ജനങ്ങളുടെ തീരുമാനമാണ് പരമപ്രധാനം''- അവർ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെയും അധ്യാപകരുടെയും ക്വാട്ടയിൽനിന്ന് കോൺഗ്രസ് പ്രതിനിധികളെ ലെജിസ്ലേറ്റീവ് കൗൺസിലിൽ എത്തിക്കാനാവുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Similar Posts