< Back
India
സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്; ആക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു
India

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്; ആക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു

റിഷാദ് അലി
|
1 Feb 2026 8:03 AM IST

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ്. നാല് റൗണ്ട് വെടിവെച്ചതായാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവം നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. വീട്ടു ജോലിക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ജുഹു പൊലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷെട്ടിയുടെ റെസിഡൻഷ്യൽ ടവറിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രോഹിത് ഷെട്ടിയും കുടുംബവും പ്രതികരിച്ചിട്ടില്ല. ഗോൾമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.

സിസിടിവികളും പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

2024ൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്തും സമാനമായ വെടിവെപ്പ് നടന്നിരുന്നു. ബൈക്കിലെത്തിയ രണ്ട് പേർ നാല് റൗണ്ട് വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സൽമാൻ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മഹാരാഷ്ട്ര മന്ത്രിയും 66 കാരനുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലും തങ്ങളാണെന്ന് ബിഷ്ണോയി സംഘം അവകാശപ്പെട്ടിരുന്നു.

Similar Posts