< Back
India
ക്രൂരം! അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് അയൽവാസി
India

ക്രൂരം! അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് അയൽവാസി

Web Desk
|
31 Oct 2022 9:07 PM IST

പ്രതിയുടെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു

ഗാസിയാബാദ്: ഉത്തർപ്രദേശിൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് പിഞ്ചുബാലികയ്ക്ക് ക്രൂരപീഡനം. ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് അഞ്ചുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തത്. പ്രതി ഒളിവിലാണ്.

ശനിയാഴ്ച രാത്രി ആറോടെയാണ് ഇന്ദിരാപുരത്തെ കൻവാനിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അമ്മ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. അമ്മ ആശുപത്രിയിലായിരുന്ന സമയത്താണ് തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന അജയ് കുമാർ(28) കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കുട്ടി അജയ്കുമാറിന്റെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഇയാൾ കുഞ്ഞിനെ വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിൽ കുട്ടിക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് വീട്ടിനകത്ത് മറ്റാരുമുണ്ടായിരുന്നില്ലെന്ന് ഇന്ദിരാപുരം എസ്.എച്ച്.ഒ ദേവ്പാൽ സിങ് പറഞ്ഞു.

എന്നാൽ, കുറച്ച് കഴിഞ്ഞ് അജയ്കുമാറിന്റെ ഭാര്യ സ്ഥലത്തെത്തിയപ്പോൾ കുട്ടി വിവരം വെളിപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇയാൾ ഇടപെട്ട് അതു തടസപ്പെടുത്തി. ശരീരത്തിൽ രക്തം കണ്ട് സംശയം തോന്നിയ ഭാര്യയോട് കുട്ടി നിലത്ത് വീണു പരിക്കേറ്റതാണെന്ന് വിശദീകരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

ഏഴു മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് കുട്ടി സംഭവിച്ചതെല്ലാം വെളിപ്പെടുത്തി. ഉടൻ തന്നെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിനു പിന്നാലെ അജയ് കുമാർ ഒളിവിലാണ്. ഇയാൾക്കെതിരെ ഐ.പി.സി 376(ബലാത്സംഗം), 323(ദേഹോപദ്രവമേൽപ്പിക്കൽ), 506(ഭീഷണി) തുടങ്ങിയ വകുപ്പുകൾ പ്രകാരവും പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ രണ്ടംഗസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Summary: Five-year-old girl sexually assaulted by her neighbour in Indirapuram, Ghaziabad, in Uttar Pradesh

Similar Posts