
എയ്‌റോ ഇന്ത്യ 2025 എയർ ഷോ; ബെംഗളൂരു വിമാനത്താവളത്തിൽ വിമാനസർവീസുകൾ തടസപ്പെടുമെന്ന് അറിയിപ്പ്
|ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയാണ് 2025 ഫെബ്രുവരി 5 മുതൽ 14 വരെ ബെംഗളൂരുവിൽ നടക്കാൻ ഇരിക്കുന്നത്
ബെംഗളൂരു: 2025 ഫെബ്രുവരി 5 മുതൽ 14 വരെ ബെംഗളൂരു വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെടും. വടക്കൻ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന 'എയ്‌റോ ഇന്ത്യ' എയർ ഷോ മൂലം ഈ ദിവസങ്ങളായി പതിവായി നിശ്ചിത മണിക്കൂറുകൾ വ്യോമപാത അടച്ചിടുന്നതാണ് വിമാനസർവീസുകൾ തടസപ്പെടാൻ കാരണം. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) പ്രവർത്തനങ്ങളെയാണ് എയർ ഷോ ബാധിക്കുക.
ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയാണ് ഫെബ്രുവരിയിൽ ബെംഗളുരുവിൽ നടക്കാൻ ഇരിക്കുന്നത്. ഫെബ്രുവരി 5 മുതൽ 8 വരെ രാവിലെ 9 മുതൽ ഉച്ച വരെയും, ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വ്യോമപാതകൾ അടച്ചിടും. ഫെബ്രുവരി 9 ന് രാവിലെ 9 മുതൽ ഉച്ച വരെ അടച്ചിടും. ഫെബ്രുവരി 10 ന് രാവിലെ 9 മുതൽ ഉച്ച വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും പ്രവർത്തനങ്ങൾ ഉണ്ടാകില്ല. ഫെബ്രുവരി 11,12 ദിവസങ്ങളിൽ ഉച്ച മുതൽ 5 വരെയാണ് അടച്ചിടൽ. ഫെബ്രുവരി 13,14 ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ച വരെയും, ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വ്യോമപാതകൾ അടച്ചിടും.
പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ വിശദാംശങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും അതിനനുസരിച്ച് പ്ലാൻ ചെയ്യാനും ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.
എയ്‌റോ ഇന്ത്യ 2025 എയർ ഷോ നടക്കുന്നതിനാൽ പ്രദേശത്ത് മാംസാഹാരങ്ങൾ വിലക്കിയ ബെംഗളൂരു കോര്‍പ്പറേഷന്റെ നീക്കം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഉത്തരവ് പിൻവലിക്കുകയായിരുന്നു.