< Back
India
എല്ലാം നടപടിക്രമങ്ങൾ പാലിച്ച്: ഉദ്ധവിന്റെ ബാഗ് പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ
India

'എല്ലാം നടപടിക്രമങ്ങൾ പാലിച്ച്': ഉദ്ധവിന്റെ ബാഗ് പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

Web Desk
|
13 Nov 2024 9:38 AM IST

പ്രചാരണത്തിനെത്തിയ ഉദ്ധവിന്റെ ബാഗ് പരിശോധിച്ചത് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ വലിയ വിവാദമായിരുന്നു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷന്‍ (യുബിടി) ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധിച്ച സംഭവത്തില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിവാദമായ പശ്ചാതലത്തിലാണ് വിശദീകരണം.

നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധനയെന്നാണ് കമ്മിഷന്‍ വ്യക്തമാക്കുന്നത്. പ്രചാരണത്തിനായി യവത്മാൽ ജില്ലയിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ഉദ്ധവിന്റെ ബാഗുകൾ പരിശോധിച്ചത്. സമാനപരിശോധന പിന്നീടും നടന്നതായി ഉദ്ധവിന്റെ മകന്‍ ആദിത്യ ആരോപിച്ചു.

എന്തുകൊണ്ടാണ് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളുടെ ബാഗുകള്‍ പരിശോധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡേയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസിന്റേയും അജിത് പവാറിന്റേയും ബാഗുകള്‍ പരിശോധിച്ചോയെന്ന് ഉദ്ധവ് അധികൃതരോട് ചോദിക്കുന്നുണ്ട്.

'നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നു, ഞാന്‍ എന്റേതും നിറവേറ്റും. എന്റെ ബാഗ് പരിശോധിച്ചതുപോലെ നിങ്ങള്‍ മോദിയുടേയും ഷായുടേയും ബാഗ് പരിശോധിച്ചോ', ഉദ്ധവ് ഉദ്യോഗസ്ഥരോട് ചോദിച്ചു.

എൻസിപി അധ്യക്ഷൻ ശരദ് പവാറും ബാഗ് പരിശോധനയ്ക്കെതിരെ രംഗത്ത് എത്തി. അധികാരം അവരുടെ കൈയിലാണ്, എതിരാളികളെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണിത്. ഇതിൻ്റെ പ്രത്യാഘാതം അവർ അനുഭവിക്കേണ്ടിവരുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

Similar Posts