< Back
India
ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
India

ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ലാൽകുമാർ
|
5 March 2026 5:08 PM IST

അനുശോചന പുസ്തകത്തിൽ ഒപ്പുവച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ അപലപിക്കാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെ മൗനം വെടിഞ്ഞ് ഇന്ത്യ. കേന്ദ്ര സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ചു. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ട് എത്തിയാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും 'ഇന്ത്യന്‍ എക്‌സ്പ്രസി'ലെ ലേഖനത്തില്‍ സോണിയ ​ഗാന്ധി വിമർശിച്ചിരുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

'പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി' -സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്‍കിയത്. എന്നാല്‍, ഖാംനഈ വധത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ച എളുപ്പമാക്കും. ഖാംനഈയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് മോദി ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയത്. അവിടെ, നെതന്യാഹുവിനുള്ള പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗസ്സയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ കൊലപ്പെടുത്തിയതില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണിത്. ഇറാന്‍ മണ്ണിലെ ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ പറഞ്ഞു. 2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്നും സോണിയ പറഞ്ഞു.

1950 മുതൽ ഇറാനുമായി ശക്തമായ നയതന്ത്ര-തന്ത്രപരമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാവാം ഇന്ത്യയുടെ ഈ മൗനം എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ പലപ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എങ്കിലും തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിച്ചുകൊണ്ട് ഇറാനുമായുള്ള ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷം ഫലസ്തീൻ അനുകൂല നിലപാടിൽ നിന്ന് അകന്ന് ഇസ്രായേലുമായി കൈകോർത്തതും ഇതിന്റെ കാരണമായി വിലയിരുത്തിയിരുന്നു. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മാത്രമല്ല, പുതിയ സംഘർഷ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതും വിമർശനത്തിന് കാരണമായി മാറി.

Similar Posts