< Back
India
Uttarakhand forest fire spreads to Nainital
India

ഉത്തരാഖണ്ഡിലെ കാട്ടുതീ നൈനിറ്റാളിലേക്കും പടർന്നു: സൈന്യ സഹായം തേടി സർക്കാർ

Web Desk
|
27 April 2024 4:04 PM IST

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ നൈനിറ്റാൾ മേഖലയിലേക്ക് പടർന്നു. നൈനിറ്റാളിലെ ഹൈക്കോടതി കോളനിയിലേക്ക് തീ പടർന്നതോടെ നിയന്ത്രണവിധേയമാക്കാൻ അധികൃതർ സൈന്യത്തിന്റെ സഹായം തേടി. തീ അണയ്ക്കാനായി ഹെലികോപ്റ്റർ സേവനം ആരംഭിച്ചു.

നൈനിറ്റാൾ തടാകത്തിലെ ബോട്ടിങ് അധികൃതർ താത്കാലികമായി നിരോധിച്ചു. കാട്ടുതീ രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

പൈൻമരങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പഴയതും ആളൊഴിഞ്ഞതുമായ ഒരു വീടിന് തീപിടിച്ചു. കെട്ടിടങ്ങൾക്ക് സമീപം അപകടകരമാം വിധം പടർന്ന തീ ഹൈക്കോടതി കോളനിക്ക് ഇതുവരെ കേടുപാടുകൾ വരുത്തിയിട്ടില്ല. നൈനിറ്റാൾ ജില്ലയിലെ ലാരിയകാന്ത വനപ്രദേശത്ത് മറ്റൊരു തീപിടുത്തമുണ്ടായി ഇത് ഒരു ഐ.ടി.ഐ കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കാൻ കാരണമായി. വെള്ളിയാഴ്ച രുദ്രപ്രയാഗിൽ വനത്തിന് തീയിടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കാട്ടുതീ തടയാൻ രൂപീകരിച്ച സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് രുദ്രപ്രയാഗിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അഭിമന്യു പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടുതീയിൽ 33.34 ഹെക്ടർ വനഭൂമിയാണ് നശിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 31 പുതിയ കാട്ടുതീ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. നൈനിറ്റാളിന് ചുറ്റുമുള്ള ബൽദിയാഖാൻ, ജിയോലിക്കോട്ട്, മംഗോളി, ഖുർപതൽ, ദേവിധുര, ഭാവാലി, പൈനസ്, ഭീംതാൽ, മുക്തേശ്വർ തുടങ്ങിയ നിരവധി ഗ്രാമങ്ങളിൽ കാട്ടുതീ നാശം വിതച്ചിട്ടുണ്ട്.

Similar Posts