< Back
India
ഡൽഹി തെരഞ്ഞെടുപ്പ് : ബിജെപിയുടെ രണ്ടാംഘട്ട പട്ടികയിൽ മുൻ മുഖ്യമന്ത്രിയുടെ മകനും മുൻ ആം ആദ്മി മന്ത്രിയും
India

ഡൽഹി തെരഞ്ഞെടുപ്പ് : ബിജെപിയുടെ രണ്ടാംഘട്ട പട്ടികയിൽ മുൻ മുഖ്യമന്ത്രിയുടെ മകനും മുൻ ആം ആദ്മി മന്ത്രിയും

Web Desk
|
12 Jan 2025 11:42 AM IST

കരവാൽ നഗറിൽ നിന്നാണ് കപില്‍ മിശ്ര ജനവിധി തേടുന്നത്

ന്യൂ ഡൽഹി : ഡൽഹി നിയമസഭ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 29 അംഗസ്ഥാനാർഥി പട്ടികയിൽ എഎപിയിൽ നിന്ന് ബിജെപിയിലെത്തിയ കപിൽ മിശ്ര, മുൻ ഡൽഹി മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് കൂടിയാണ് കപിൽ മിശ്ര.

കരവാൽ നഗറിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംഎൽഎ മോഹൻ സിങ് ബിഷത്തിനെ മാറ്റിയാണ് കപിൽ മിശ്രക്ക് അവസരം കൊടുത്തത്. എഎപിയിലായിരുന്നപ്പോള്‍ കപില്‍ മിശ്ര കരവാല്‍ നഗറിനെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ്കപില്‍ മിശ്ര ബിജെപിയില്‍ ചേരുന്നത്. ബിജെപിയിലെത്തിയ അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളെ "മിനി-പാകിസ്ഥാനുകൾ" എന്ന് പരാമർശിച്ചത് വലിയ വിവാദമായിരുന്നു.

എഎപിയുടെ മുൻ മന്ത്രി സത്യേന്ദർ ജയ്നെതിരെ ശാഖുർ ബസ്തിയിൽ ബിജെപി നിര്‍ത്തിയിരിക്കുന്നത് കർനൈൽ സിങ്ങിനെയാണ്. ഡിചാവോൺ കലാൻ വാർഡിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ബിജെപി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട നീലം കൃഷൻ പഹൽവാൻ, നജഫ്ഗഡിൽ നിന്ന് മത്സരിക്കും. മുൻ ഡൽഹി മന്ത്രിയും അടുത്തിടെ ബിജെപിയിൽ എത്തിയ കൈലാഷ് ഗഹ്ലോട്ടിന്റെ മണ്ഡലമായിരുന്നു ഇത്. നവംബറിലാണ് ഗഹ്ലോട്ട് എഎപി വിട്ട് ബിജെപിയില്‍ എത്തിയത്. ഉമംഗ് ബജാജ് (രജിന്ദർ നഗർ), സതീഷ് ജെയിൻ (ചാന്ദ്‌നി ചൗക്ക്), രാജ് കരൺ ഖത്രി (നരേല), ശ്യാം ശർമ (ഹരിനഗർ), പങ്കജ് കുമാർ സിങ്( വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിലെ മറ്റു സ്ഥാനാർത്ഥികൾ.

70 സീറ്റുകളിൽ 58 സീറ്റുകളിലേക്ക് ബിജെപി ഇതിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഴ് വനിതാ സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ആദ്യ ഘട്ടത്തില്‍ രണ്ടും രണ്ടാം ഘട്ട പട്ടികയിൽ അഞ്ച് വനിതകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അതേസമയം 70 സീറ്റുകളിലേക്കും എ എ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ് 47 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ്, ഫെബ്രുവരി എട്ടിന് ഫലപ്രഖ്യാപനവും.

Similar Posts