< Back
India
sajjan kumar
India

1984ലെ സിഖ് വിരുദ്ധ കലാപം: കോൺഗ്രസ്‌ മുൻ എംപി സജ്ജൻ കുമാറിന് ജീവപര്യന്തം

Web Desk
|
25 Feb 2025 2:50 PM IST

സരസ്വതി വിഹാർ പ്രദേശത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാറിന് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി സരസ്വതി വിഹാറിൽ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനെന്ന് ഡൽഹി റോസ് അവന്യൂ കോടതി കണ്ടെത്തിയിരുന്നു.

നിലവിൽ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ഇദ്ദേഹം. ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവരാണ് 1984 നവംബർ ഒന്നിന് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സജ്ജൻ കുമാറിന്​ വധശിക്ഷ നൽകണമെന്നാണ്​ ജസ്വന്ത്​ സിങ്ങി​െൻറ ഭാര്യ ആവശ്യപ്പെട്ടിരുന്നത്​. ആക്രമണത്തിന്​ പിന്തുണ നൽകിയത്​ ഇദ്ദേഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഡൽഹി കന്റോൺമെന്റിലെ രാജ് നഗർ പ്രദേശത്തെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അഞ്ച് കൊലപാതകങ്ങൾക്ക് സജ്ജൻ കുമാറിനെ ഡൽഹി ഹൈക്കോടതി ഇതിനകം ശിക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ കേസിലെ കൊലപാതകങ്ങൾക്കൊപ്പം ഈ കൊലപാതകങ്ങളും വിശാലമായ ഒരു വംശഹത്യയുടെ ഭാഗമാണെന്നും പരാതിക്കാരിക്ക്​ വേണ്ടി ഹാജരായ എച്ച്.എസ് ഫൂൽക്ക പറഞ്ഞു.

1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകരായ ബിയാന്ത് സിങ്​, സത്‌വന്ത് സിങ്​ എന്നിവർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. അമൃത്സറിലെ സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണക്ഷേത്രത്തിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള സിഖ് തീവ്രവാദികളെ പിടികൂടാൻ 1984 ജൂണിൽ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് പിന്നാലെയാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്​.

Similar Posts