< Back
India
Manmohan Singh
India

മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം നിഗം ബോധ്ഘട്ടില്‍

Web Desk
|
28 Dec 2024 6:15 AM IST

ഉചിതസ്മാരകം നിർമ്മിക്കാൻ കഴിയാവുന്ന ഇടത്ത് സംസ്കാരം നടത്താൻ അനുവദിക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടിട്ടില്ല

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഉചിതസ്മാരകം നിർമ്മിക്കാൻ കഴിയാവുന്ന ഇടത്ത് സംസ്കാരം നടത്താൻ അനുവദിക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടിട്ടില്ല. ഇതിൽ പ്രതിഷേധം ശക്തമാണ്.

നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൻമോഹൻ സിങിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. 8.30 മുതൽ 9.30 വരെയാണ് എഐസിസി യിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്.ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക.11.45ന് നിഗംബോധ് ഘട്ടിൽ പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

സ്മാരകമുയർത്താൻ കഴിയുന്ന സ്ഥലത്ത് സംസ്കാരം നടത്തണം എന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. മുൻപ്രധാനമന്ത്രിമാർ അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് പരിസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഡോ.മൻമോഹൻസിങ് രാജ്യത്തിനു നൽകിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗേ കത്ത് നൽകിയിരുന്നു.എന്നിട്ടും സർക്കാർ കാട്ടുന്ന നിഷേധ സമീപനം രാജ്യത്തെ ആദ്യത്തെ സിഖ്പ്രധാനമന്ത്രിയെ മനഃപൂർവം അവഹേളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാംരമേഷ് പറഞ്ഞു

രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ ഇന്നലെ അന്ത്യോപചാരം അർപ്പിച്ചിരുന്നു. മൻ മോഹൻ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts