
ഇനി ജിതേന്ദ്ര നാരായൺ സിങ് ത്യാഗി; യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു
|അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണത്തിലേക്ക് 51,000 രൂപ സംഭാവന ചെയ്തും റിസ്‌വി വാർത്താശ്രദ്ധ നേടിയിരുന്നു. രാമക്ഷേത്രനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഷിയാ വഖഫ് ബോർഡിന്റെ സഹായവും ഉറപ്പുനൽകിയിരുന്നു
ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ മുതൽ ഏറ്റവുമൊടുവിൽ ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു.
ദാശ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകൾക്കുനേതൃത്വം നൽകിയത്. ഇനിമുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു. താൻ ഇസ്‌ലാമിൽനിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ സനാതന ധർമത്തിന്റെ മാർഗം സ്വീകരിക്കുകയാണെന്നും റിസ്‌വി പറഞ്ഞു.
മരിച്ചാൽ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വിഡിയോയിലൂടെ വസീം റിസ്‌വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗാസിയാബാദിലെ ദാശ്‌ന ക്ഷേത്രത്തിലെ പൂജാരിയായ നരസിംഗ ആനന്ദ സരസ്വതിയാണ് സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ടതെന്നും വിഡിയോയിൽ റിസ്‌വി വ്യക്തമാക്കി.
റിസ്‌വിയുടെ മതംമാറ്റത്തെ ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസീം റിസ്‌വി ഇനി സനാതന ധർമത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പ്രതികരിച്ചു. ഒരു മതഭ്രാന്തനും ഇനി റിസ്‌വിക്കെതിരെ ഫത്‌വയിറക്കാൻ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.
ഭീകരവാദവും ജിഹാദും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു 26 ഖുർആൻ വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. ഈ വചനങ്ങൾ ഖുർആൻ അവതരിച്ചതിനും ഏറെനാൾക്കുശേഷം കൂട്ടിച്ചേർത്തതാണെന്നായിരുന്നു വസീം റിസ്‌വിയുടെ വാദം. പ്രവാചകൻ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഒരു പുസ്തകവും എഴുതിയിരുന്നു റിസ്‌വി.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണത്തിലേക്ക് കഴിഞ്ഞ വർഷം 51,000 രൂപ സംഭാവന ചെയ്തും റിസ്‌വി വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. രാമക്ഷേത്രനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഷിയാ വഖഫ് ബോർഡിന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ക്ഷേത്രാവശിഷ്ടങ്ങൾക്കുമേലാണ് ബാബരി മസ്ജിദ് നിർമിച്ചതെന്നും ഇന്ത്യയ്ക്ക് അപമാനമാണ് പള്ളിയെന്നും നേരത്തെ റിസ്‌വി പ്രസ്താവിച്ചിരുന്നു. ബാബരിക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യ മുസ്‌ലിം നേതാവ് കൂടിയാണ് റിസ്‌വി.
Summary: Wasim Rizvi, the controversial former Uttar Pradesh Shia Central Waqf Board Chairman, has quit Islam and formally converted to Hinduism by Mahant Narasimha Ananda Sarawati of the Dasna temple