< Back
India

India
യുപിയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉൾപ്പെടെ നാല് മരണം
|17 Sept 2024 8:29 AM IST
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ലഖ്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു വയസുകാരി ഉൾപ്പെടെ നാലു മരണം. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണു സംഭവം. അപകടത്തിൽ വീട് പൂർണമായും തകർന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയിൽ ഉഗ്രസ്‌ഫോടനമുണ്ടായത്. മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണു സംഭവത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആറുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു പുറത്തെടുത്തു. ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Summary: 3-year-old among four dead in explosion at firecracker factory in UP's Firozabad