< Back
India
അങ്കണവാടി ജീവനക്കാരി ദലിത് സമുദായാംഗം; നാല് മാസമായി കുട്ടികളെ അയക്കാതെ രക്ഷിതാക്കൾ
India

അങ്കണവാടി ജീവനക്കാരി ദലിത് സമുദായാംഗം; നാല് മാസമായി കുട്ടികളെ അയക്കാതെ രക്ഷിതാക്കൾ

അഹമ്മദലി ശര്‍ഷാദ്
|
15 Feb 2026 12:11 PM IST

ഒഡീഷയിലെ നുവഗാവി​ഗ്രാമത്തിലെ ആദ്യ ബിരുദധാരിയും സർക്കാർ ജോലി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളുമായ 21-കാരിയായ സർമിസ്ത സേതിക്കാണ് ജാതിയുടെ പേരിൽ ബഹിഷ്കരണം നേരിടേണ്ടി വന്നത്

ഭുവനേശ്വർ: ഒഡീഷയിലെ തീരദേശ ഗ്രാമമായ നുവഗാവിലെ ആദ്യ ബിരുദധാരിയും സർക്കാർ ജോലി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളുമാണ് 21-കാരിയായ സർമിസ്ത സേതി. എന്നാൽ തന്റെ നേട്ടങ്ങളിൽ അഭിമാനിക്കേണ്ട പ്രായത്തിൽ, കടുത്ത ജാതിവിവേചനവും സാമൂഹിക ബഹിഷ്‌കരണവും നേരിടുകയാണ് ഈ യുവതി. ഗ്രാമത്തിലെ അങ്കണവാടിയിൽ ഹെൽപ്പർ-കം-കുക്ക് ആയി ജോലിക്ക് കയറിയതാണ് സർമിസ്ത ചെയ്ത 'കുറ്റം'.

കഴിഞ്ഞ നാല് മാസമായി സർമിസ്തയും കുടുംബവും ഗ്രാമത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശനിയാഴ്ച ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ഗ്രാമം സന്ദർശിക്കുകയും, തിങ്കളാഴ്ച മുതൽ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാമെന്ന് ഗ്രാമവാസികളെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നവംബർ രണ്ടാം വാരത്തിൽ സർമിസ്തക്ക് ജോലി ലഭിച്ചതിനെക്കുറിച്ചുള്ള കത്ത് ഗ്രാമത്തിലെ വൈദ്യുത തൂണിൽ പതിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ ഉയർന്ന ജാതിക്കാരായ 50-60 ഓളം പേർ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. 'പട്ടികജാതി വിഭാഗത്തിൽപ്പെട്ട നീ എന്തിന് ഈ ജോലിക്ക് അപേക്ഷിച്ചു എന്ന് അവർ എന്നോടും അച്ഛനോടും ചോദിച്ചു. ഞാൻ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്'- സർമിസ്ത കണ്ണീരോടെ ഓർക്കുന്നു.

നവംബർ 20-ന് സർമിസ്ത ജോലിയിൽ പ്രവേശിച്ചതു മുതൽ അംഗൻവാടിയിൽ കുട്ടികളുടെ എണ്ണം പൂജ്യമായി. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള റേഷൻ വാങ്ങാൻ പോലും ആരും എത്തുന്നില്ല. ആകെ രണ്ട് ദലിത് കുട്ടികൾ മാത്രമാണ് ഇപ്പോൾ അവിടെ വരുന്നത്. ഗ്രാമവാസികളുടെ സമ്മർദം കാരണം നേരത്തെ അങ്കണവാടി പ്രവർത്തിച്ചിരുന്ന വീടിന്റെ ഉടമസ്ഥയും സർമിസ്തയ്ക്ക് അവിടെ പ്രവേശനം നിഷേധിച്ചു. ഇപ്പോൾ ഒരു പ്രൈമറി സ്‌കൂൾ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.

പ്രതിമാസം 5,000 രൂപ വേതനമുള്ള ഈ ജോലിക്ക് പന്ത്രണ്ടാം ക്ലാസ് യോഗ്യത മതിയെങ്കിലും, ഒരു അധ്യാപികയാകുക എന്ന ലക്ഷ്യത്തോടെയാണ് ബിരുദധാരിയായ സർമിസ്ത ഇത് തിരഞ്ഞെടുത്തത്. തന്റെ മകളുടെ അടുത്തേക്ക് ട്യൂഷന് തങ്ങളുടെ മക്കളെ അയക്കാൻ ഇതേ ഗ്രാമവാസികൾക്ക് മടിയുണ്ടായിരുന്നില്ലെന്ന് സർമിസ്തയുടെ അമ്മ മിനാതി പറയുന്നു. മകൾക്ക് യോഗ്യതയുള്ളത് കൊണ്ടാണ് ഈ ജോലി ലഭിച്ചത്. ചില സ്വാധീനമുള്ളവർക്ക് അവളോടുള്ള അസൂയയാണ് ഇതിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

നുവഗാവ് ഗ്രാമത്തിൽ ജാതി വിവേചനം വളരെ പ്രകടമാണ്. ഗ്രാമത്തിന്റെ പ്രവേശന കവാടത്തിലാണ് ഏഴ് ദലിത് കുടുംബങ്ങൾ താമസിക്കുന്നത്. ഉയർന്ന ജാതിക്കാരായ മറ്റ് 90 കുടുംബങ്ങൾ ദൂരെയുമാണ്. ഗ്രാമത്തിലെ സദ്യകളിലും മറ്റും ദലിതർ മാറി നിൽക്കണമെന്നതാണ് ഇവിടുത്തെ കീഴ്‌വഴക്കം.

സർമിസ്തയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം തങ്ങൾ കൂട്ടായെടുത്തതാണ് എന്നാണ് ഗ്രാമവാസിയായ കുലാമണി റൗട്ട് പറയുന്നത്. നിയമനടപടി ഭയന്ന് ജാതിയുടെ പേര് പറയാൻ പലരും മടിക്കുന്നുണ്ടെങ്കിലും ബഹിഷ്‌ക്കരണം തങ്ങളുടെ കൂട്ടായ തീരുമാനമാണെന്ന് അവർ ആവർത്തിക്കുന്നു. പ്രശ്‌നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി സർമിസ്ത പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുമെന്ന് സബ് കലക്ടർ അരുൺ കുമാർ നായക് അറിയിച്ചു. ഗ്രാമവാസികൾ നിലപാട് മാറ്റിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Similar Posts