< Back
India
Four women including Sri Lankan refugee drown at Chennai beach

Photo| Special Arrangement

India

ചെന്നൈയിൽ ശ്രീലങ്കൻ അഭയാർഥിയടക്കം നാല് സ്ത്രീകൾ ബീച്ചിൽ മുങ്ങിമരിച്ചു

Web Desk
|
2 Nov 2025 3:47 PM IST

ഗുമ്മിടിപുണ്ടിയിലെ ഒരു സ്വകാര്യ ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.

ചെന്നൈ: ചെന്നൈ എന്നൂർ ബീച്ചിൽ ശ്രീലങ്കൻ അഭയാർഥിയും 17കാരിയുമടക്കം നാല് പേർ മുങ്ങിമരിച്ചു. ശ്രീലങ്കൻ അഭയാർഥിയായ ദേവകി സെൽവം (30), ശാലിനി (17), ​ഗായത്രി (18), ഭവാനി (19) എന്നിവരാണ് മരിച്ചത്.

തിരുവള്ളൂർ ജില്ലയിലെ പേത്തിക്കുപ്പത്തുള്ള ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലെ അന്തേവാസിയാണ് ദേവകി സെൽവം. ​ഗുമ്മിടിപുണ്ടിയിലെ ഒരു സ്വകാര്യ ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു നാലു പേരും.

കോളജ് വിദ്യാർഥിനികളായ ശാലിനിയും ഗായത്രിയും കടയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. അതേസമയം ദേവകിയും ഭവാനിയും മുഴുവൻ സമയ ജോലിക്കാരായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് നാലുപേരും ഒഴിവുസമയം ചെലവിടാനായി എന്നൂർ ബീച്ചിലെ മേട്ടുകുപ്പം ഭാ​ഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. വെള്ളത്തിൽ കളിക്കുന്നതിനിടെ, ഭീമൻ തിരമാലയിൽപെട്ട് ശാലിനി ഒഴുകിപ്പോയി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ, ഗായത്രിയും ഭവാനിയും ദേവകിയും കൂടി തിരയിൽപ്പെടുകയും കാണാതാവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി അധികൃതരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

"സാധാരണയായി ഈ ഭാഗത്ത് കടലിൽ ഇറങ്ങരുതെന്ന് ഞങ്ങൾ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോയതിനാൽ അവരവിടെ ഉണ്ടെന്ന് ആരും അറിഞ്ഞില്ല. പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉടൻ ഞങ്ങൾ പൊലീസിനെ അറിയിച്ചു"- പെരിയകുപ്പത്തെ മത്സ്യത്തൊഴിലാളിയായ മാരിമുത്തു പറഞ്ഞു.

Similar Posts