< Back
India

India
മണിപ്പൂരിൽ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു
|22 July 2023 9:52 PM IST
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യയായ ഇബെത്തോംബിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഇംഫാൽ: മണിപ്പൂരിൽനിന്ന് കൂടുതൽ ഞെട്ടിക്കുന്ന അക്രമവാർത്തകൾ പുറത്തുവരുന്നു. 80 വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് ചുട്ടുകൊന്നുവെന്ന വാർത്ത എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഇബെത്തോംബി എന്ന വയോധികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങ് ആണ് ഇബെത്തോംബിയുടെ ഭർത്താവ്. മേയ് 28ന് രാത്രിയാണ് ഇവർ കൊല്ലപ്പെട്ടത്.
വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതിൽ അടച്ചുപൂട്ടി അക്രമകാരികൾ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേൽ തീ ആളിപ്പടർന്നുവെന്നും മുത്തശ്ശിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും ഇവരുടെ കൊച്ചുമകൻ പ്രേംകാന്ത പറഞ്ഞു.