< Back
India
Friends kill youth over online mobile game password
India

ഓൺലൈൻ ഗെയിം പാസ്‌വേഡിനെ ചൊല്ലി തർക്കം; 18കാരനെ മർദിച്ച് കൊന്ന് സുഹൃത്തുക്കൾ; മൃതദേഹം കത്തിക്കാനും ശ്രമം

Web Desk
|
18 Jan 2024 10:09 PM IST

ഇരയായ വിദ്യാർഥി ഓൺലൈൻ ഗെയിമിന് അടിമയായതിനാൽ ഈ വർഷത്തെ പ്രീ-ബോർഡ് പരീക്ഷ ഒഴിവാക്കിയതായും പൊലീസ് പറയുന്നു.

കൊൽക്കത്ത: ഓൺലൈൻ മൊബൈൽ ഗെയിമിന്റെ പാസ്‌വേഡ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 18കാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിലാണ് സംഭവം. പപ്പായി ദാസ് എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ജനുവരി എട്ടു മുതൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്.

ഫറാക്കയിലെ ഫീഡർ കനാലിന്റെ നിശീന്ദ്ര ഘട്ടിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഓൺലൈൻ ഗെയിമിന്റെ പാസ്‌വേഡ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിയായ പപ്പായിയെ അവന്റെ നാല് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പ്രതികളെ പിടികൂടിയതായും പൊലീസ് കൂട്ടിച്ചേർത്തു. അഞ്ച് പേരും ഫറാക്ക ബാരേജിന്റെ ഒരു ക്വാർട്ടേഴ്സിലിരുന്ന് സ്ഥിരമായി ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിന് വൈകീട്ട് പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ല. തുടർന്ന് ജനുവരി ഒമ്പതിന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

“പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ, കൊല്ലപ്പെട്ട വിദ്യാർഥി തന്റെ സുഹൃത്തുക്കളുമായി ഓൺലൈൻ മൊബൈൽ ഗെയിം കളിക്കാനുള്ള പാസ്‌വേഡ് പങ്കിടാൻ വിസമ്മതിച്ചത് വഴക്കിൽ കലാശിക്കുകയും ഒടുവിൽ കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തു”- പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കൊലയ്ക്കു ശേഷം നാല് സുഹൃത്തുക്കളും ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് ഭാഗികമായി കത്തിയ മൃതദേഹം ഫറാക്ക ഫീഡറിലെ നിശീന്ദ്ര ഘട്ടിലേക്ക് വലിച്ചെറിഞ്ഞ് അവർ വീടുകളിലേക്ക് പോയി. മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ വഴി കൊലപാതകത്തിൽ നാലു പേരുടേയും പങ്കാളിത്തം വ്യക്തമായി.

ശരീരത്തിലെ ടാറ്റൂകളിൽ നിന്ന് ഇരയുടെ അമ്മയ്ക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞു. ഇരയായ വിദ്യാർഥി ഓൺലൈൻ ഗെയിമിന് അടിമയായതിനാൽ ഈ വർഷത്തെ പ്രീ-ബോർഡ് പരീക്ഷ ഒഴിവാക്കിയതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Related Tags :
Similar Posts