
സ്വർണവും ഐഫോണുമല്ല, പുതുവർഷത്തിലെ താരം ഈ രണ്ട് വിഭവങ്ങൾ; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
|ഓൺലൈൻ ഡെലിവറി കമ്പനികളിലെ ഓർഡറുകളിൽ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വൻകുതിപ്പാണുണ്ടായിരിക്കുന്നത്
ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ലോകമൊന്നടങ്കം ആഘോഷത്തിമിര്‍പ്പിലായിരിക്കുമ്പോള്‍ വീടുകള്‍ അലങ്കരിക്കുന്നതിനും നല്ല ഭക്ഷണങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പരതിനടക്കുകയായിരുന്നു മിക്കവാറും ഇന്ത്യക്കാരും. പുതുവത്സരത്തലേന്ന് ഡെലിവറി കമ്പനികളില്‍ കുതിച്ചുയര്‍ന്ന ഓര്‍ഡറുകളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി. ഇന്നലെ മാത്രം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത കണക്കുകളിലൂടെ പരതിനോക്കുകയാണെങ്കില്‍ ജനപ്രിയ ഭക്ഷണമെന്ന സ്ഥാനത്തിന് ഇളക്കം തട്ടാതെ തുടരുകയാണ് ബിരിയാണി. ഇന്നലെ വൈകിട്ട് മാത്രം 218,933 ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സില്‍ സ്വിഗ്ഗി കമ്പനി കുറിച്ചു.
ആഘോഷനിമിഷങ്ങളോടൊപ്പം ഇഷ്ടഭക്ഷണത്തെ ചേര്‍ത്തുവെക്കാനുള്ള ഇന്ത്യക്കാരുടെ ശീലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് സ്വിഗ്ഗി വീണ്ടുമൊരു കണക്ക് പുറത്തുവിട്ടു. ബിരിയാണി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ഓര്‍ഡര്‍ ചെയ്തത് ബര്‍ഗര്‍ ആണെന്നും രാത്രിയോടെ 90,000 ബര്‍ഗറുകള്‍ വിറ്റുപോയെന്നും സ്വിഗ്ഗി വ്യക്തമാക്കി.
4244 പേര്‍ ഉപ്പുമാവും 1927 പേര്‍ സലാഡും ഓര്‍ഡര്‍ ചെയ്തതായി സ്വിഗ്ഗി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, 2025ല്‍ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളുടെ ലിസ്റ്റും സ്വിഗ്ഗി പുറത്തുവിട്ടിരുന്നു. തുടര്‍ച്ചയായ പത്താം വര്‍ഷവും ബിരിയാണി ജനപ്രിയ ഭക്ഷണപദാർഥങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ഓരോ മൂന്ന് സെക്കന്‍ഡിലും ഒരു ബിരിയാണിയെന്ന നിലയിലാണ് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ വന്നുകൊണ്ടിരിക്കുന്നത്. അഥവാ, മിനിറ്റില്‍ 194 ബിരിയാണി. സൊമാറ്റോ പോലുള്ള മറ്റ് കമ്പനികളിലെ ഓര്‍ഡറുകള്‍ കൂട്ടാതെയുള്ള കണക്കുകളാണിതെന്ന് ഓര്‍ക്കണം.
സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ മാത്രം 93 മില്യണ്‍ ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ബിരിയാണി കഴിഞ്ഞാല്‍ ബര്‍ഗറിനോടാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയമെന്നും സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.