< Back
India
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിയെ കണ്ടെത്താൻ ഇന്ന് നിർണായക ചർച്ചകൾ
India

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിയെ കണ്ടെത്താൻ ഇന്ന് നിർണായക ചർച്ചകൾ

Web Desk
|
28 Sept 2022 7:28 AM IST

ഡൽഹിയിൽ എത്തിയ എ.കെ ആന്‍റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്ന് നടക്കും. ഡൽഹിയിൽ എത്തിയ എ.കെ ആന്‍റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്കായി സച്ചിൻ പൈലറ്റും ഡൽഹിയിൽ തുടരുകയാണ്. കേന്ദ്ര അച്ചടക്ക സമിതിയും ഇന്ന് യോഗം ചേരും.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടിന് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഹൈക്കമാൻഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചർച്ചകളിൽ എ. കെ ആന്‍റണി സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. ദിഗ് വിജയ് സിങ്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചകളിൽ സജീവമായി പരിഗണിക്കുന്നത്. കമൽനാഥിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടന്നെങ്കിലും അദ്ദേഹം മത്സരിക്കാൻ തയ്യാറല്ലെന്ന് സോണിയ ഗാന്ധിയെ അറിയിച്ചു. പവൻ കുമാർ ബൻസൽ, അംബിക സോണി തുടങ്ങിയ നേതാക്കളും മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി. അവസാന വട്ട ചർച്ചകളിലും ഗെഹ്ലോട്ടിന്‍റെ പേര് ഉയർന്ന് വന്നേക്കും.

ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ചാൽ സച്ചിൻ പൈലറ്റ് നാമനിർദ്ദേശപത്രിക നൽകും. ഡൽഹിയിലുള്ള സച്ചിൻ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. മത്സര രംഗത്തുള്ള ശശി തരൂരിന്‍റെ നാമനിർദേശ പത്രികയിൽ മലയാളികൾ അടക്കം പിന്തുണച്ച് ഒപ്പിടും എന്നാണ് വിവരം. ഇന്ന് ചേരുന്ന കോൺഗ്രസ് അച്ചടക്ക സമിതി യോഗത്തിൽ രാജസ്ഥാൻ വിഷയം ചർച്ച ചെയ്യും. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, മുതിർന്ന നേതാവ് ധർമേന്ദ്ര റാത്തോർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് അറിയിച്ചിട്ടുള്ളത്.

Similar Posts