< Back
India
സൗമ്യ മുതൽ വർക്കല പെൺകുട്ടി വരെ; ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വർഷത്തിനിടെ 13 സംഭവങ്ങൾ; സുരക്ഷ കടലാസിൽ
India

സൗമ്യ മുതൽ വർക്കല പെൺകുട്ടി വരെ; ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വർഷത്തിനിടെ 13 സംഭവങ്ങൾ; സുരക്ഷ കടലാസിൽ

ഷിയാസ് ബിന്‍ ഫരീദ്
|
3 Nov 2025 10:46 AM IST

14 വർഷങ്ങൾക്ക് മുമ്പായിരുന്നു ഷൊർണൂർ സ്വദേശിയായ 23കാരി സൗമ്യയുടെ കൊലപാതകം. പിന്നീട്, തുടർവർഷങ്ങളിൽ കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളെ ട്രെയിനിൽ നിന്ന് തള്ളിയിടുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം വർക്കലയിൽ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. ​തിരുവനന്തപുരം പാലോട് സ്വദേശിനി ​ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രി ഐസിയുവിൽ മരണത്തോട് മല്ലിട്ട് കഴിയുകയാണ്. ഇതാദ്യമായല്ല ട്രെയിനിൽ നിന്ന് തള്ളിയിട്ടുള്ള ക്രൂരതകൾക്ക് സ്ത്രീകൾ ഇരയാവുന്നത്. കേരളത്തെയും രാജ്യത്തേയുമാകെ ഞെട്ടിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത സൗമ്യ വധക്കേസ് മുതൽ അടുത്തിടെ കോഴിക്കോട് വയോധികയെ തള്ളിയിട്ട സംഭവം വരെ നീളുന്ന ക്രൂരതയുടെ നീണ്ട നിര തന്നെയുണ്ട്.

14 വർഷങ്ങൾക്ക് മുമ്പ് 2011 ഫെബ്രുവരി ഒന്നിനായിരുന്നു ഷൊർണൂർ സ്വദേശിയായ 23കാരി സൗമ്യയുടെ കൊലപാതകം. എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകവെ ട്രെയിൻ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനു സമീപമെത്തിപ്പോൾ ​തമിഴ്നാട് സ്വദേശിയായ ​ഗോവിന്ദച്ചാമി സൗമ്യയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ ചാടിയിറങ്ങി പാളത്തിൽ പരിക്കേറ്റ് ചോരവാർന്ന കിടന്ന യുവതിയെ ക്രൂര ബലാത്സം​ഗത്തിനും ആക്രമണത്തിനും ഇരയാക്കി. ​​ആക്രമണത്തിൽ സൗമ്യയുടെ താടിയെല്ല് തകരുകയും പല്ലുകൾ അടർന്നു പോവുകയും, ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. കൃത്യത്തിനു ശേഷം മൊബൈൽ ഫോണും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്. ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പൊലീസ് പിടികൂടി. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സൗമ്യ ഫെബ്രുവരി ആറിന് മരിച്ചു.

പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി, അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നും കണ്ടെത്തി. തുടർന്ന്, 2011 നവംബർ 11ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കായിരുന്നു ശിക്ഷ. പിന്നീട്, ഇയാളുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. തടവിലായിരിക്കെ, കഴിഞ്ഞ ജൂലൈ 24ന് കണ്ണൂർ സെട്രൽ ജയിലിൽ നിന്ന് ​ഗോവിന്ദച്ചാമി രക്ഷപെട്ടിരുന്നു. പത്താം ബ്ലോക്കിലെ സെല്ലിലെ ഇരുമ്പ് കമ്പികൾ മുറിച്ച് രക്ഷപെട്ട പ്രതിയെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.

ടിടിഇയുടെ ക്രൂരത, കൊല്ലപ്പെട്ടത് 38കാരി

മൂന്ന് വർഷത്തിന് ശേഷം, 2014 മെയ് 29ന് മഹാരാഷ്ട്രയിലെ ജൽ​ഗാവിൽ ഓടുന്ന ട്രെയിനിൽനിന്ന് 38കാരിയെ തള്ളിയിട്ടത് ടിടിഇയാണ്. എൽടിടി-രാജേന്ദ്രനഗർ പട്‌ന എക്‌സ്പ്രസിന്റെ എസി കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ ടിടിഇ സമ്പത്ത് സലുങ്കെ തടയുകയും ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. പുറത്തേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയും തത്ക്ഷണം മരിക്കുകയും ചെയ്തു.

ടിടിഇ മദ്യലഹരിയിലായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിനു പിന്നാലെ സലുങ്കെ ആദ്യം പാൻട്രിയിൽ കയറി ഒളിച്ചിരുന്നു, എന്നാൽ യാത്രക്കാരും മരിച്ചയാളുടെ ബന്ധുക്കളും ചേർന്ന് ഇയാളെ പുറത്തിറക്കി റെയിൽവേ സ്റ്റേഷനിലെ ജിആർപി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഐപിസി സെക്ഷൻ 304 (മനഃപൂർവമല്ലാത്ത നരഹത്യ) പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.

കവർച്ചയ്ക്കും ബലാത്സം​ഗത്തിനും ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടും ക്രൂരതകൾ

അതേവർഷം നവംബർ 19ന്, മധ്യപ്രദേശിലെ കരൗട റെയിൽവേ സ്റ്റേഷനിൽ 29കാരിയും സമാന ക്രൂരതയ്ക്ക് ഇരയായി. ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായിരുന്ന രതി ത്രിപാഠിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ രണ്ട് യുവാക്കൾ യുവതിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന ശേഷം ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. താഴെവീണ യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

2016 ഡിസംബറിൽ പശ്ചിമബം​ഗാളിലെ മാൽഡയിൽ 36കാരിയായ ​ഗർഭിണിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടിരുന്നു. സംഭവത്തിൽ യുവതിയുടെ വലതുകൈ മുറിഞ്ഞുപോയി. ട്രാക്കിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺസുഹൃത്താണ് യുവതിയെ തള്ളിയിട്ടതെന്നായിരുന്നു ആരോപണം.

2016 സെപ്തംബർ 17ന്, ഉത്തർപ്രദേശിലെ മൗ ജില്ലയിൽ 32കാരിയെ ഓടുന്ന ട്രെയിനിൽ ബലാത്സംഗം ചെയ്ത് പുറത്തേക്ക് തള്ളിയിട്ടിരുന്നു. സംഭവത്തിൽ യുവതിക്ക് വലതുകാൽ നഷ്ടപ്പെട്ടു. മൗ ജില്ലയിലെ സരൈലഖാസി പ്രദേശത്തെ കാഝ ഖുർദ് ഗ്രാമത്തിന് സമീപം രാത്രിയായിരുന്നു സംഭവം. തംസ പാസഞ്ചർ ട്രെയിനിൽ ഗാസിപൂരിലെ ഔഡിഹാറിൽ നിന്ന് ജൗൻപൂരിലെ ഷാഹ്ഗഞ്ചിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു രണ്ട് യുവാക്കൾ ട്രെയിനിൽ കയറി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്. രാവിലെ ​ഗ്രാമവാസികളാണ് പാളത്തിന് സമീപം കിടന്ന് വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയെ കണ്ടെത്തിയത്. വസ്ത്രമില്ലാതെ കിടക്കുകയായിരുന്നു യുവതിയെ അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

2018 ഒക്ടോബർ ഒന്നിന് ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ ജെനാപൂർ റെയിൽവേ സ്റ്റേഷന് സമീപം രാത്രി ഓടുന്ന ട്രെയിനിൽ നിന്ന് മധ്യവയസ്കയെ ഭർത്താവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടിരുന്നു. പശ്ചിമബം​ഗാൾ സ്വദേശിനിയായ സാബിത്രി ദാസ് എന്ന സ്ത്രീയെയാണ് ഭർത്താവ് റാബി ദാസ് തള്ളിയിട്ടത്. താഴെവീണ സ്ത്രീക്ക് കാൽ നഷ്ടപ്പെട്ടു. 2021 നവംബർ 16ന് ചെന്നൈയിൽ മീനാക്ഷി നാഗരാജ് എന്ന യുവതിയെയും കവർച്ചയ്ക്ക് ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2020 മാർച്ച് 19ന് ജാർഖണ്ഡിൽ 26കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ബൊക്കാറോ നിവാസിയായ സ്ത്രീയെയാണ് ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നത്. സംഭവത്തിൽ പ്രതി ഹസാരിബാഗിലെ ബർദേവ സ്വദേശി സത്യേന്ദ്ര കുമാർ സിങ്ങിന (25) അഞ്ച് വർഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2024 ഫെബ്രുവരി ഒന്നിന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന സബർബൻ ട്രെയിനിൽ നിന്ന് 19 വയസുള്ള പെൺകുട്ടിയെ അജ്ഞാതനായ അക്രമി തള്ളിയിട്ടിരുന്നു. പാൽഘറിലെ നള സോപാരയിലെ തന്റെ വീട്ടിലേക്ക് പോകാൻ ലോക്കൽ ട്രെയിനിന്റെ വനിതാ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. കോച്ചിൽ തനിച്ചായിരിക്കെ, ഇയാൾ അടുത്തെത്തി പണം ആവശ്യപ്പെടുകയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. തുടർന്ന് അക്രമി ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഓടി രക്ഷപ്പെട്ടു. ​ഗുരുതമായി പരിക്കേറ്റ യുവതിയെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ചിലർ വിരാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേവർ‌ഷം, ഫെബ്രുവരി 29ന് ഹരിയാനയിലെ ഫരീദാബാദിൽ 40കാരിയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടിരുന്നു. ‌എസ്‌ജിഎം നഗർ സ്വദേശിനിയായ ഭാവനയ്ക്കാണ് പരിക്കേറ്റത്. ഝലം എക്സ്പ്രസിന്റെ എസി കോച്ചിലെ ടിടിഇയാണ് തന്നെ പുറത്തേക്ക് തള്ളിയിട്ട‌തെന്ന് ഭാവന ആരോപിച്ചിരുന്നു. ട്രെയിൻ ‌സ്റ്റേഷനിൽ നിന്ന് നീങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. താൻ അബദ്ധത്തിൽ എസി കോച്ചിൽ കയറിയെന്നും അടുത്ത സ്റ്റേഷനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ടിടിഇയോട് അഭ്യർഥിച്ചെന്നും എന്നാൽ ഇതിന് സമ്മതിക്കാതെ ഉദ്യോ​ഗസ്ഥൻ തള്ളിയിടുകയായിരുന്നെന്നും ഭാവന പറഞ്ഞിരുന്നു. താഴെ വീണതിനെ തുടർന്ന് കാലിനും ഇടുപ്പിനും ഒടിവുണ്ടായി. സംഭവത്തിൽ ടിടിഎക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തിരുന്നു.

തമിഴ്നാട്ടിൽ ക്രൂരതയ്ക്ക് ഇരയായത് ​ഗർഭിണി; ബലാത്സം​ഗം; കുഞ്ഞിനെ നഷ്ടമായി

2025 ഫെബ്രുവരി ഏഴിനായിരുന്നു, നാല് മാസം ​ഗർഭിണിയായ യുവതിക്ക് നേരെ ക്രൂരത. ഓടുന്ന ട്രെയിനിൽ യുവാവ് ​ഗർഭിണിയെ ബലാത്സം​ഗത്തിന് ഇരയാക്കിയ ശേഷം ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. താഴെ വീണ ​യുവതിയുടെ ​ഗർഭം അലസി. കോയമ്പത്തൂരിലെ ഒരു വസ്ത്ര കമ്പനിയിലെ ജീവനക്കാരിയും ആന്ധ്രാ സ്വദേശിനിയുമായ യുവതി സ്വന്തം നാടായ ചിറ്റൂരിലേക്ക് പോവുമ്പോൾ, വെല്ലൂർ ജില്ലയിലെ കാട്പാഡിക്ക് സമീപമായിരുന്നു ആക്രമണം. ട്രെയിനിലെ വനിതാ കമ്പാർട്ടുമെന്റിൽ തനിച്ചായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെ താഴെവീണ യുവതിക്ക് ബോധം നഷ്ടപ്പെടുകയും ഇവരെ പിന്നീട് ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ, പിന്നീട് അറസ്റ്റിലായ ഹേമരാജ് എന്ന യുവാവിനെ ജൂലൈയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരുപ്പത്തൂർ കോടതി, ജൂലൈ 14ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കേരളത്തിൽ മൂന്ന് മാസം മുമ്പും അതിക്രമം

കഴിഞ്ഞ ആ​ഗസ്റ്റ് എട്ടിന് കോഴിക്കോട് കല്ലായിക്ക് സമീപം തൃശൂർ സ്വദേശിനിയായ യാത്രക്കാരി‌യെ 85,000 രൂപയും മൊബൈൽ ഫോണും കവർന്ന് ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടിരുന്നു. ‌മുംബൈയിൽ ഒരു അടുത്ത ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം സഹോദരനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മിണി ജോസ് എന്ന 64കാ‌രിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ മുംബൈ പന്‍വേലില്‍ നിന്ന് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ചണ്ഡിഗഢ്- കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അമ്മിണിക്ക് നേരെ ആക്രമം ഉണ്ടായത്.

തുടർന്ന്, മൂന്ന് മാസം തികയും മുമ്പാണ് ഇപ്പോൾ വർക്കലയിൽ വീണ്ടും സമാന ക്രൂരത അരങ്ങേറിയത്. ട്രെയിനിന്‍റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്ന് പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറഞ്ഞിരുന്നു. ജനറല്‍ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി തള്ളിയിട്ടതെന്നും സുഹൃത്ത് പറ‍ഞ്ഞിരുന്നു. വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി ഐസിയുവിൽ ചികിത്സയിലാ‌ണ്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.

പൊലീസുണ്ട്, സുരക്ഷയില്ല...

ട്രെയിനിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോഴും കോച്ചുകളിൽ ആവശ്യമായ സുരക്ഷയൊരുക്കാൻ ഇപ്പോഴും അധികൃതർക്കായിട്ടില്ല. കോച്ചുകളിൽ വേണ്ട പരിശോധനയുൾപ്പെടെ നടക്കുന്നില്ല എന്നതും അക്രമികൾക്ക് സഹായകരമാകുന്നു. ലേഡീസ് കോച്ചുകളിൽ പോലും ആവശ്യമായ സുരക്ഷയില്ലെന്ന പരാതിയും വ്യാപകമാണ്. തിരക്കേറിയ കോച്ചുകളിൽ പലപ്പോഴും മദ്യപരുടെ ശല്യവും വലുതാണ്. ആവശ്യമായ സമയത്ത് പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. അക്രമികൾ ശിക്ഷിക്കപ്പെട്ടാലും പിന്നീട് കേസിൽ നിന്ന് ഊരിപ്പോവുകയോ ചെറിയ ശിക്ഷ മാത്രം ലഭിക്കു‌കയോ ചെയ്യുന്ന സാഹചര്യമുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ടിടിഇ മാർക്ക് പോലും രക്ഷയില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളും ട്രെയിനുകളിൽ ഉണ്ടായിട്ടുണ്ട്. വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിലും ട്രെയിനിൽ സ്ത്രീയാത്രക്കാർ അടക്കമുള്ളവരുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയും പ്രതിഷേധവും വിമർശനവും ശക്തമാവുകയും ചെയ്തിട്ടുണ്ട്.

Similar Posts