< Back
India
fugitive gangster Goldy Brar threatens salmaan khan
India

സല്‍മാന്‍ ഖാനെ ഉറപ്പായും വധിക്കും: ഭീഷണിയുമായി ഗോള്‍ഡി ബ്രാര്‍

Web Desk
|
26 Jun 2023 9:46 PM IST

സല്‍മാന്‍ ഖാനെതിരായ ഇ-മെയില്‍ ഭീഷണിയുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ എന്തായാലും വധിക്കുമെന്ന് ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാര്‍. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ നിലവില്‍ ഒളിവിലാണ്. ഇന്ത്യാ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോള്‍ഡി ബ്രാറിന്‍റെ ഭീഷണി.

"ഞങ്ങള്‍ അവനെ കൊല്ലും. ഞങ്ങള്‍ ഉറപ്പായും അവനെ കൊല്ലും. താന്‍ മാപ്പ് പറയില്ലെന്ന് ഭായ് സാഹിബ് (ലോറന്‍സ്) വ്യക്തമാക്കിയിട്ടുണ്ട്. കരുണ തോന്നുമ്പോള്‍ മാത്രമേ ബാബ കരുണ കാണിക്കൂ"- ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ പരാമര്‍ശിച്ച് ഗോള്‍ഡി ബ്രാര്‍ പറഞ്ഞു. സല്‍മാന്‍ ഖാനെ വധിക്കുക എന്നത് തന്‍റെ ജീവിത ലക്ഷ്യമാണെന്നാണ് ലോറന്‍സ് ബിഷ്ണോയി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

"ഞങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ ഇത് സല്‍മാനെതിരെ മാത്രമല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ശത്രുക്കള്‍ക്കെതിരെയുള്ള നീക്കം തുടരും. സല്‍മാന്‍ ഖാനാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ശ്രമം തുടരും. ഞങ്ങള്‍ വിജയിക്കുമ്പോള്‍ നിങ്ങളറിയും"- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.

സല്‍മാന്‍ ഖാനെതിരായ ഇ-മെയില്‍ ഭീഷണിയുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. സല്‍മാന്‍ ഖാന്റെ അടുത്ത അനുയായിയായ പ്രശാന്ത് ഗുഞ്ജാല്‍ക്കറിനാണ് ഇ-മെയില്‍ അയച്ചത്.

പഞ്ചാബി ഗായകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുളള പരാതികളുടെ അടിസ്ഥാനത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അന്വേഷിക്കുന്നയാളാണ് ഗോള്‍ഡി ബ്രാര്‍.


Similar Posts