< Back
India
Gang Raped Woman Found Semi-Naked in Ghaziabad
India

യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി അർധനഗ്നയായ നിലയിൽ തെരുവിൽ

Web Desk
|
21 Aug 2024 9:50 PM IST

വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ പറഞ്ഞത്.

ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ കണ്ടെത്തി. ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൽകുവാൻ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്.

കീറിയ വസ്ത്രം ധരിച്ച നിലയിൽ തെരുവിൽ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ പറഞ്ഞത്. ഒരു കൂട്ടം പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ്, കേസ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

നന്ദിഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അർധരാത്രിയോടെ യുവതിയെ ലാൽകുവാൻ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവിൽ കണ്ടതെന്ന് സർക്കിൾ എ.സി.പി പൂനം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എ.സി.പി അറിയിച്ചു. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ 31കാരിയായ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ​ഗാസിയാബാദിലെ സംഭവം.



Similar Posts