< Back
India
ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ​ഗുണ്ടാനേതാവിന്റെ രണ്ട് കൈയും നഷ്ടമായി
India

ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ​ഗുണ്ടാനേതാവിന്റെ രണ്ട് കൈയും നഷ്ടമായി

Web Desk
|
5 Feb 2023 3:43 PM IST

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: നാടൻ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ ഇരു കൈകളും തകർന്നു. ചെന്നൈയിലെ ​​ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്കിന്റെ കൈകളാണ് സ്ഫോടനത്തിൽ നഷ്ടമായത്. ഇയാളുടെ കാലിനും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒട്ടേരി കാർത്തിയുടെ കൈകൾ ​ഗുരുതര മുറിവിനെ തുടർന്ന് മുറിച്ചു മാറ്റുകയായിരുന്നു.

മറ്റൊരു ക്രിമിനലായ വിജയകുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ ഇയാൾക്കൊപ്പം ചേർന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുഴൽ ജയിലിൽ കഴിയുമ്പോഴാണ് വിജയകുമാറുമായി കാർത്തി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇയാൾ വിജയകുമാറിനെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോംബ് നിർമാണം നടന്നതും സ്ഫോടനമുണ്ടയതും.

ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, ക്രിമിനൽ റെക്കോർഡുള്ള ഇത്ര വലിയ കുറ്റവാളികൾ ബോംബുകൾ നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ സംഘടിപ്പിച്ചതിനെ കുറിച്ച് പൊലീസ് അറിയാതെ പോയത് വിമർശനത്തിന് കാരണമായിട്ടുണ്ട്.

Similar Posts