< Back
India
തിഹാർ ജയിലിൽ പുതിയ ഗോശാല ഉദ്ഘാടനം ചെയ്തു; ഏകാന്ത തടവുകാർക്ക് കൗ തെറാപ്പി
India

തിഹാർ ജയിലിൽ പുതിയ ഗോശാല ഉദ്ഘാടനം ചെയ്തു; ഏകാന്ത തടവുകാർക്ക് കൗ തെറാപ്പി

Web Desk
|
20 Nov 2025 2:18 PM IST

തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദയയും കാരുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗോശാല തുടങ്ങിയതെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു

ന്യൂഡൽഹി: തിഹാർ ജയിലിൽ പുതിയ ഗോശാല ഉദ്ഘാടനം ചെയ്തു. തദ്ദേശീയ ഇനമായ സഹിവാൾ പശുക്കളെ സംരക്ഷിക്കുക എന്നതിനൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ സന്ദർശിക്കാനില്ലാത്ത ഏകാന്തത അനുഭവിക്കുന്ന തടവുകാർക്ക് കൗ തെറാപ്പി ചികിത്സ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് തുടങ്ങിയത്. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയാണ് ഗോശാല ഉദ്ഘാടനം ചെയ്തത്. ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് പരിപാടിയിൽ പങ്കെടുത്തു.

നിലവിൽ 10 പശുക്കളാണ് ഗോശാലയിലുള്ളത്. തടവുകാർക്കിടയിൽ സംഘർഷം കുറയ്ക്കുന്നതിനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദയയും കാരുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗോശാല തുടങ്ങിയതെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു.

തടവുകാരിൽ ചിലരെ ആരും സന്ദർശിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്നില്ല. മറ്റു രാജ്യങ്ങളിലും ഇത്തരം സംരംഭങ്ങൾ പരീക്ഷിക്കുന്നുണ്ട്. അതുപോലെ ഇവിടെയും തുടങ്ങണമെന്ന് തോന്നി. അതുകൊണ്ടാണ് ഗോശാല തുടങ്ങിയതെന്ന് ജയിൽ ഡിജി എസ്ബികെ സിങ് പറഞ്ഞു.

2018ൽ ഹരിയാനയിലെ ചില ജയിലുകളിൽ ഗോശാലയിലെ പശുക്കളെ പരിപാലിക്കുന്നതിനായി തടവുകാരെ നിയോഗിച്ചിരുന്നു. നല്ല നടപ്പുള്ള തടവുകാരെ ഗോശാലയുടെ പരിപാലത്തിന് നിയോഗിക്കുമെന്ന് തിഹാർ അധികൃതർ പറഞ്ഞു. ഇത് വെറുമൊരു ഭരണപരമായ പരിപാടി മാത്രമല്ലെന്നും ശാസ്ത്രീയ സമീപനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാന ശ്രമമാണെന്നും ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് പറഞ്ഞു. ഏകാന്തത അനുഭവിക്കുന്ന തടവുകാർക്ക് കൗ തെറാപ്പി പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts