< Back
India
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മുംബൈയിൽ നിർണായക കൂടിക്കാഴ്ച; ശരദ് പവാറിനെ സന്ദർശിച്ച് ഗൗതം അദാനി
India

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മുംബൈയിൽ നിർണായക കൂടിക്കാഴ്ച; ശരദ് പവാറിനെ സന്ദർശിച്ച് ഗൗതം അദാനി

ആത്തിക്ക് ഹനീഫ്
|
2 Feb 2026 10:31 AM IST

2023 ജൂണിൽ അജിത് പവാർ പാർട്ടി പിളർത്തി ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നതിന് ഒരു മാസം മുമ്പും അദാനി പവാറിനെ കണ്ടിരുന്നു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മുംബൈയിൽ നിർണായക കൂടിക്കാഴ്ച. എൻസിപി, എസ്പി വിഭാഗം പ്രസിഡന്റ് ശരദ് പവാറിനെ ഗൗതം അദാനി അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. എൻസിപി ലയന ചർച്ചകൾ നിർത്തിവെച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മരണപ്പെടുന്നതിന് മുമ്പ് എൻസിപി ലയനത്തിനുള്ള ചർച്ചകൾക്ക് അജിത് പവാർ പങ്കെടുത്തിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള അനുശോചന സന്ദർശനമായിട്ടാണ് കൂടിക്കാഴ്ചയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നതെങ്കിലും എൻസിപി വിഭാഗങ്ങൾക്കുള്ളിലെ രാഷ്ട്രീയ പുനഃസംഘടനകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കൂടിക്കാഴ്ച ആക്കം കൂട്ടുന്നു. പവാർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയളാണ് അദാനി. അടുത്തിടെ ബാരാമതിയിൽ ഒരു എഐ സെന്റർ ഓഫ് എക്‌സലൻസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ അദാനി ശരദ് പവാറുമായും അജിത് പവാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയന ചർച്ചകൾ സജീവമായത്. ശരദ് പവാർ തൻെറ ഉപദേശകനാണ് എന്ന് പരിപാടിക്കിടെ അദാനി വിശേഷിപ്പിക്കുകയും ചെയ്തു.

അദാനിയും ശരദ് പവാറും തമ്മിലുള്ള ബന്ധത്തിന് ഏകദേശം രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട്. ഒരു വ്യവസായിയായി വളർന്നുവരുന്ന ഘട്ടം മുതൽ അദാനിക്ക് പവാർ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. 2008ലെ മുംബൈ താജ് ഹോട്ടൽ ഭീകരാക്രമണത്തിനിടെ ഹോട്ടലിൽ കുടുങ്ങിയ അദാനി തന്റെ രക്ഷക്കായി ആദ്യം വിളിക്കുന്നത് ശരദ് പവാറിനെയാണ്. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്നത് കോൺഗ്രസ്-എൻസിപി സഖ്യമായിരുന്നു. അദാനിയുടെ കൽക്കരി പാടം തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിന് അടുത്തായതിനാൽ അനുമതി റദ്ധാക്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ നടപടിയിലും പവാർ അദാനിക്ക് പിന്തുണ നൽകിയിരുന്നു.

അജിത് പവാറിന്റെ മരണത്തിന് ദിവസങ്ങൾക്കുള്ളിൽ ഭാര്യ സുനേത്ര പവാറിനെ സംസ്ഥാന മന്ത്രിസഭയിൽ ചേർത്തത് ഉൾപ്പെടെയുള്ള സമീപകാല സംഭവവികാസങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച ചർച്ചയാവുന്നത്. 2023 ജൂണിൽ അജിത് പവാർ പാർട്ടി പിളർത്തി ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നതിന് ഒരു മാസം മുമ്പും അദാനി പവാറിനെ കണ്ടിരുന്നു.

Similar Posts