
നരേന്ദ്ര മോദിയും ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും | Photo: Deccan Herald
ഗസ്സ സമാധാന ഉച്ചകോടി: ശറം അൽ ഷെയ്‌ഖിലേക്ക് മോദിക്കും ക്ഷണം
|തിങ്കളാഴ്ച നടക്കുന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഇന്ത്യ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും
ന്യൂഡൽഹി: ഒക്ടോബർ 13 തിങ്കളാഴ്ച ഈജിപ്തിലെ ശറം അൽ ഷെയ്ഖിൽ നടക്കുന്ന 'ഗസ്സ സമാധാന ഉച്ചകോടിയിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും. യുഎസും ഈജിപ്തും അവസാന നിമിഷം മോദിക്ക് ക്ഷണം നൽകിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തിങ്കളാഴ്ച നടക്കുന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഇന്ത്യ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും.
ഈജിപ്ഷ്യൻ പ്രസിഡൻസിയുടെ വക്താവ് പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ശറം അൽ ഷൈഖിൽ അബ്ദുൽ ഫത്താഹ് അൽ സിസിയുടെയും ട്രംപിന്റെയും സംയുക്ത അധ്യക്ഷതയിൽ 20ലധികം രാജ്യങ്ങളിലെ നേതാക്കളുടെ പങ്കാളിത്തത്തോടെ 'സമാധാന ഉച്ചകോടി' നടക്കും. ഇതിലേക്കാണ് ഇന്ത്യൻ പ്രതിനിധി എന്ന നിലക്ക് മോദിയെ ക്ഷണിച്ചത്.
മോദി ക്ഷണം സ്വീകരിച്ചാൽ പ്രസിഡന്റ് ട്രംപ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ മധ്യപൂർവദേശത്ത് സാന്നിധ്യം പ്രകടിപ്പിക്കാനും, സ്വതന്ത്ര ഫലസ്തീൻ ലക്ഷ്യത്തോടുള്ള ഇന്ത്യയുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയും ലഭിക്കും. മാത്രമല്ല ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഉത്തേജനം നൽകാനുമുള്ള അവസരം കൂടിയായി ഈ ഉച്ചകോടി മാറും.