< Back
India
 ബൈക്ക് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ വേണം; വിവാഹത്തിന് പിന്നാലെ നവവധുവിനെ വീട്ടിൽ നിന്നും മര്‍ദിച്ചു പുറത്താക്കി ഭര്‍തൃവീട്ടുകാര്‍
India

' ബൈക്ക് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ വേണം'; വിവാഹത്തിന് പിന്നാലെ നവവധുവിനെ വീട്ടിൽ നിന്നും മര്‍ദിച്ചു പുറത്താക്കി ഭര്‍തൃവീട്ടുകാര്‍

Web Desk
|
3 Dec 2025 9:49 AM IST

നവംബര്‍ 29നാണ് ജൂഹിയിലെ താമസക്കാരായ ലുബ്‌നയും മുഹമ്മദ് ഇമ്രാനും മതാചാരപ്രകാരം വിവാഹിതരായത്

കാൺപൂര്‍: സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും മരണങ്ങളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ കാൺപൂരിൽ, മാതാപിതാക്കളോട് മോട്ടോർ ബൈക്കോ രണ്ട് ലക്ഷം രൂപയോ സ്ത്രീധനം ചോദിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് യുവതി ഭര്‍തൃവീട്ടിൽ എത്തിയ ഉടനെ തന്നെയായിരുന്നു സംഭവം. ഇതോടെ 24 മണിക്കൂറിനുള്ളിൽ ബന്ധം അവസാനിക്കുകയും ചെയ്തു.

നവംബര്‍ 29നാണ് ജൂഹിയിലെ താമസക്കാരായ ലുബ്‌നയും മുഹമ്മദ് ഇമ്രാനും മതാചാരപ്രകാരം വിവാഹിതരായത്. എന്നാൽ പുതുജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഭര്‍തൃവീട്ടിലെത്തിയ ലുബ്നയെ സ്വീകരിച്ചത് അത്യാഗ്രഹികളായി കുടുംബക്കാരായിരുന്നു. ലുബ്ന എത്തിയ ഉടനെ ഭർതൃവീട്ടുകാർ യുവതിയെ വളഞ്ഞു. കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന് പകരം ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങാനുള്ള പണമാണ് ആവശ്യപ്പെട്ടു. ഇമ്രാന് ലുബ്നയുടെ വീട്ടുകാര്‍ ഒന്നും നൽകിയില്ലെന്നും ആരോപിച്ചു.

''ഞാൻ വീട്ടിൽ വന്നതിനു തൊട്ടുപിന്നാലെ രു തർക്കം ആരംഭിച്ചു. ബുള്ളറ്റ് ഇല്ലാത്തതിനാൽ വീട്ടിൽ പോയി രണ്ട് ലക്ഷം രൂപ കൊണ്ടുവരാൻ അവർ പറഞ്ഞു," ലുബ്ന വിശദീകരിച്ചു. താൻ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടുകാർ നൽകിയ പണവും ഭർതൃവീട്ടുകാർ കൊണ്ടുപോയി എന്നും ലുബ്‌ന ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നും പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് വീട്ടിൽ നിന്നും പുറത്താക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് 7.30ഓടെ മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ലുബ്നയുടെ വീട്ടുകാര്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. മകളുടെ വിവാഹത്തിന് ലക്ഷങ്ങൾ ചെലവഴിച്ചതായി കുടുംബം പറയുന്നു. ഇമ്രാന്‍റെ കുടുംബത്തിന് രു സോഫ സെറ്റ്, ഒരു ടെലിവിഷൻ, ഒരു വാഷിംഗ് മെഷീൻ, ഒരു ഡ്രസ്സിംഗ് ടേബിൾ, ഒരു വാട്ടർ കൂൾ, ഡിന്നർ സെറ്റുകൾ, വസ്ത്രങ്ങൾ, സ്റ്റീലിലും പിച്ചളയിലും നിർമ്മിച്ച അടുക്കള ഉപകരണങ്ങൾ എന്നിവയാണ് ലുബ്നയുടെ വീട്ടുകാര്‍ സമ്മാനമായി നൽകിയിരുന്നു. ഇതുകൂടാതെയാണ് ബൈക്ക് ആവശ്യപ്പെട്ടത്. "വിവാഹത്തിന് മുമ്പ് അവർ ബൈക്ക് ആവശ്യപ്പെട്ടിരുന്നില്ല. അവർ മുമ്പ് ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിൽ ഞങ്ങൾ ഈ ബന്ധവുമായി മുന്നോട്ടുപോകുമായിരുന്നില്ല'' ലുബ്നയുടെ മാതാവ് മെഹ്താബ് പറഞ്ഞു.

മകളുടെ വിവാഹാവശ്യങ്ങൾക്കായി കുടുംബം തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുവെന്ന് മെഹ്താബ് കൂട്ടിച്ചേര്‍ത്തു. ബന്ധം വേര്‍പെടുത്തിയതോടെ വിവാഹത്തിനായി ചെലവഴിച്ച തുക ഭര്‍തൃവീട്ടുകാരിൽ നിന്നും വാങ്ങാനുള്ള ശ്രമത്തിലാണ് കുടുംബം. ഇമ്രാനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts