< Back
India
പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ചോദിച്ചു; ഉത്തർപ്രദേശിൽ വിദ്യാർത്ഥിനിയെ പുറത്ത് നിർത്തിയതായി പരാതി
India

പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ചോദിച്ചു; ഉത്തർപ്രദേശിൽ വിദ്യാർത്ഥിനിയെ പുറത്ത് നിർത്തിയതായി പരാതി

Web Desk
|
28 Jan 2025 12:26 PM IST

വിഷയത്തിൽ സ്കൂൾ അധികൃതർക്കതിരെ വ്യാപകപ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ സാനിറ്ററി പാഡ് ചോദിച്ച പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ്സിന് പുറത്ത് നിർത്തിയതായി പരാതി. ബലേറിയിലാണ് പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ചോദിച്ച വിദ്യാർത്ഥിനിയെ ഒരു മണിക്കൂറോളം ക്ലാസിന് പുറത്ത് നിർത്തിയത്. പരീക്ഷയ്ക്കിടെയാണ് പെൺകുട്ടി ആർത്തവം ആരംഭിച്ചതായി മനസിലാക്കിയതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സ്കൂൾ അധികൃതർ മോശമായി പെരുമാറുകയും ആരോഗ്യനിലയെ അവഗണിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചു.

പെൺകുട്ടിയുടെ പിതാവ് ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ക്ഷേമ വകുപ്പ് എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കിടെ പ്രിൻസിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോഴാണ് ക്ലാസ്സിൽ നിന്ന് പുറത്ത്‌പോകാൻ ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷമാണ് തിരിച്ച് ക്ലാസിൽ കയറ്റിയതെന്നും പെൺകുട്ടി പറഞ്ഞു.

വിഷയത്തിൽ സ്കൂൾ അധികൃതർക്കതിരെ വ്യാപകപ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക ചിന്തകൾ മാറേണ്ടതുണ്ടെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന ശുചിത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും നിരവധിപേർ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സ്കൂൾ ഇൻസ്പെക്ടർ ദേവകി നന്ദൻ പ്രതികരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകൃത ആർത്തവ ശുചിത്വ നയം (2024) പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ സാനിറ്ററി സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.

Similar Posts