< Back
India
കാമുകിയെ പഠിപ്പിച്ച് സര്‍ക്കാര്‍ ജോലിക്കാരിയാക്കി, പിന്നാലെ ബ്രേക്ക് അപ്പ്; 28കാരൻ ജീവനൊടുക്കി

representative image

India

കാമുകിയെ പഠിപ്പിച്ച് സര്‍ക്കാര്‍ ജോലിക്കാരിയാക്കി, പിന്നാലെ ബ്രേക്ക് അപ്പ്; 28കാരൻ ജീവനൊടുക്കി

Web Desk
|
3 Dec 2025 10:36 AM IST

ബിരുദത്തിന് ശേഷം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്താണ് കാമുകിയെ യുവാവ് ഉന്നത പഠനത്തിന് അയച്ചത്

ജാജ്പൂർ: സർക്കാർ ജോലി നേടിയതിന് ശേഷം കാമുകി ബ്രേക്കപ്പ് ചെയ്തതില്‍ മനംനൊന്ത് 28കാരൻ ജീവനൊടുക്കി. ഒഡിഷയിലെ ജാജ്പൂരിലെ കൊളത്താൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്പാണ് ചതുർഭുജ് ദാഷ് എന്ന യുവാവ് ജീവനൊടുക്കിയത്. മകന്‍റെ മരണത്തിന് ഉത്തരവാദി 28കാരിയായ യുവതിയും കുടുംബവുമാണ് ആരോപിച്ച് ചതുർഭുജിന്റെ പിതാവ് രമാകാന്ത ദാഷ് കുവാഖിയ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചതുർഭുജും യുവതിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും പത്താം ക്ലാസില്‍വെച്ച് പ്രണയത്തിലാകുകയും ചെയ്തു. ഒരേ കോളജില്‍ തന്നെയാണ് പഠിച്ചത്. ബിരുദപഠനത്തിന് ശേഷം കാമുകിയെ പഠിപ്പിക്കാനായി സ്വകാര്യ കമ്പനിയിൽ ചതുർഭുജ് ജോലി ചെയ്യുകയും ചെയ്തു.കാമുകിയെ ബി.എഡും മറ്റ് പ്രൊഫഷണൽ കോഴ്സുകളും പഠിപ്പിക്കാനുള്ള ചെലവുകള്‍ക്കെല്ലാം പണം നല്‍കിയത് ചതുര്‍ഭുജായിരുന്നു.ഒടുവില്‍ യുവതിക്ക് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ജോലി ലഭിക്കുകയും ചെയ്തു.

എന്നാൽ ജോലി ലഭിച്ചതിനു ശേഷം യുവതി ചതുർഭുജുമായി അകന്നെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തെക്കുറിച്ചോ പറഞ്ഞപ്പോള്‍ അവൾ വിവാഹാഭ്യർഥന നിരസിക്കുകയും സ്വകാര്യ ജോലി ചെയ്യുന്നതിനെ ചതുര്‍ഭുജിനെ വിമർശിക്കുകയും ചെയ്തു. വിഷമം സഹിക്കാനാകാതെ തന്‍റെ മകന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് രമാകാന്ത നല്‍കിയ പരാതിയിൽ പറയുന്നു.

നവംബര്‍ 24 ന് ഗുരുതരാവസ്ഥയിലായ ചതുർഭുജിനെ മധുബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു, തുടർന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ 25ന് ചതുര്‍ഭുജ് മരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Similar Posts