< Back
India
100 കോടിക്ക് രാജ്യസഭാ സീറ്റും ഗവർണർ പദവിയും; ഡൽഹിയിൽ വൻ റാക്കറ്റ് പിടിയിൽ
India

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവർണർ പദവിയും; ഡൽഹിയിൽ വൻ റാക്കറ്റ് പിടിയിൽ

Web Desk
|
25 July 2022 3:03 PM IST

രാജ്യസഭാ സീറ്റിനും ഗവർണർ പദവിക്കും പുറമെ വിവിധ സർക്കാർ കോര്‍പറേഷനുകളില്‍ ചെയർപേഴ്‌സൻ സ്ഥാനവും മന്ത്രാലയങ്ങളിൽ ജോലിയുമടക്കം വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്

ന്യൂഡൽഹി: കോടികൾക്ക് രാജ്യസഭാ സീറ്റും ഗവർണർ പദവിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റ് പിടിയിൽ. സി.ബി.ഐ സംഘമാണ് വൻതട്ടിപ്പിനുള്ള ശ്രമം തകർത്തത്. നിശ്ചയിച്ചുറപ്പിച്ച തുക കൈമാറുന്നതിനു തൊട്ടുമുൻപാണ് തട്ടിപ്പുസംഘത്തെ സി.ബി.ഐ ഉദ്യോഗസ്ഥർ പിടികൂടിയത്. 100 കോടി രൂപയായിരുന്നു രാജ്യസഭാ സീറ്റിനും ഗവർണർ പദവിക്കും സംഘം വാഗ്ദാനം ചെയ്തിരുന്നത്.

മഹാരാഷ്ട്രാ സ്വദേശി കർമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഐജാസ് ഖാൻ എന്നിവരാണ് റാക്കറ്റിലുണ്ടായിരുന്നത്. രാജ്യസഭാ സീറ്റിനും ഗവർണർ പദവിക്കും പുറമെ വിവിധ സർക്കാർ കോര്‍പറേഷനുകളില്‍ ചെയർപേഴ്‌സൻ സ്ഥാനവും മന്ത്രാലയങ്ങളിൽ ജോലിയുമടക്കം വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഒരു ആഴ്ചയായി ഫോൺകോളുകൾ നിരീക്ഷിച്ചാണ് സി.ബി.ഐ സംഘം പ്രതികളെ വലയിലാക്കിയത്.

കർമലാകർ പ്രേംകുമാർ സി.ബി.ഐ ഉദ്യോഗസ്ഥനായി ചമഞ്ഞായിരുന്നു തട്ടിപ്പ് നടന്നത്. ഉന്നതതലങ്ങളിൽ ബന്ധമുള്ളയാളാണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ് രീതി. പ്രേംകുമാറുമായി ചേർന്ന് അഭിഷേക് ബൂറയായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. പ്രേംകുമാറിന്റെ ബന്ധം ഉപയോഗപ്പെടുത്തി സർക്കാർ സ്ഥാപനങ്ങളിലെ നിയമനം ഉറപ്പാക്കാമെന്നായിരുന്നു പദ്ധതിയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ 'എൻ.ഡി.ടി.വി' റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ളവർ ഏജന്റുമാരായാണ് പ്രവർത്തിച്ചത്.

Summary: CBI busts racket falsely promising governorship, RS seats for Rs 100 crore

Similar Posts